വാഷിങ്ടൺ: ഇറാൻ യുദ്ധം യുഎസിന് കനത്ത തലവേദനായായി തുടരുന്നതിനിടെ മുൻഗണനകളും മാറുന്നു. ഇറാൻ ആണവായുധംസ്വന്തമാക്കുന്നത് തടയുക എന്നത് ഇപ്പോൾ തങ്ങളുടെ രണ്ടാമത്തെ ലക്ഷ്യം മാത്രമാണെന്നും ഒന്നാമത്തെ ലക്ഷ്യം കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ ലഭ്യമാക്കുക എന്നതാണെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിന്റെ പൂർണനിയന്ത്രണം അമേരിക്കൻ സൈന്യത്തിനാണെന്ന് ട്രംപ് അവകാശപ്പെടുന്നതിനിടയിൽതന്നെയാണ് എണ്ണ വിതരണത്തിലെ തടസ്സങ്ങൾ വിളിച്ചോതുന്ന പ്രതികരണങ്ങളും യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വാൻസ് മുൻഗണന മാറിയ കാര്യം വെളിപ്പെടുത്തിയത്. അമേരിക്കക്കാർക്ക് കുറഞ്ഞ വിലയിൽ പെട്രോൾ ലഭ്യമാക്കുക എന്നതിനാണ് തങ്ങളിപ്പോൾ മുൻഗണന നൽകുന്നത്. ആണവായുധം സ്വന്തമാക്കുന്നതിൽനിന്ന് ഇറാനെ തടയുക എന്നത് രണ്ടാമത്തെ മുൻഗണനയാണെന്നും പറഞ്ഞ വാൻസ്, ഇത് രണ്ടും തങ്ങൾ സ്വന്തമാക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് സാമ്പത്തികമായി ചെറിയ പ്രയാസങ്ങൾ നേരിടേണ്ടി വന്നാലും ശരി, ഇറാന്റെ പക്കൽ അണുവായുധങ്ങൾ എത്താതിരിക്കുക എന്നത് മാത്രമാണ് യുദ്ധത്തിലേക്ക് ഇറങ്ങിയതിന്റെ പ്രധാന ഉദ്ദേശ്യമെന്നാണ് ട്രംപ് നേരത്തെ ആവർത്തിച്ച് പറഞ്ഞിരുന്നത്. യുദ്ധത്തിൽ ഹോർമുസ് പ്രധാന ആയുധമായി ഇറാൻ ഉപയോഗിച്ചതോടെയാണ് യുഎസിന് ചുവട് മാറ്റേണ്ടിവന്നത്.
LIVE