Select Location
All Locations
State
Region
City / District
പുതിയ നീക്കവുമായി ട്രംപ്, ‘ഇത് നിർണായകം, ഇറാനെ ഏത് രാജ്യം പിന്തുണച്ചാലും പ്രത്യാഘാതം നേരിടേണ്ടിവരും'

വാഷിങ്ടൺ: ഇറാനെ സാമ്പത്തികമായി ഞെരുക്കാനുള്ള പുതിയ നീക്കം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായിവ്യാപാരബന്ധം പുലർത്തുന്ന ഏത് രാജ്യവും കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട്, ട്രംപ് ഇറാനെതിരെ 'ഇക്കണോമിക് ഡി-ഡേ' പ്രഖ്യാപിച്ചു. 
എണ്ണക്കടത്ത്, സ്വാപ്പ് ലൈനുകൾ, പണമിടപാടുകൾ, എക്‌സ്‌ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്‌ട്രേഷനുകൾ, വ്യാജ കമ്പനികൾ - ഇവയെല്ലാം ഉടൻ തന്നെ അവസാനിപ്പിക്കണം. ആരൊക്കെയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് നിങ്ങൾക്ക് തന്നെ നന്നായി അറിയാമെന്നും ട്രംപ് രാജ്യങ്ങളോടായി പറഞ്ഞു.
ഒരു രാജ്യത്തിനെതിരെ ഇതുവരെ സ്വീകരിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും കടുത്ത സാമ്പത്തിക നടപടിയാണ് ഇറാനെതിരെ പ്രഖ്യാപിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഉയർത്തുന്ന ഭീഷണി നേരിടാനും അവരെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും അമേരിക്കയ്ക്കൊപ്പം സഖ്യകക്ഷികളെല്ലാം നിലയുറപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം 
ഒരു കരാറിലെത്താൻ തന്നെക്കാൾ വലിയൊരു അവസരം മറ്റാരും അവർക്ക് നൽകിയിട്ടില്ല. നിർഭാഗ്യവശാൽ, ആ അവസരംപ്രയോജനപ്പെടുത്തുന്നതിൽ അവർ പരാജയപ്പെട്ടു. അഭൂതപൂർവമായ സാമ്പത്തിക യുദ്ധവും ഒറ്റപ്പെടുത്തലും ആയിരിക്കും തന്റെ പുതിയ നീക്കമെന്നും ട്രംപ് പറഞ്ഞു
'അവരുടെ നാവികസേന തകർന്നു, വ്യോമസേന നശിപ്പിക്കപ്പെട്ടു, സൈനിക ഫാക്ടറികൾ അവശിഷ്ടങ്ങളായി മാറി, അവരുടെ കറൻസിക്ക് മൂല്യമില്ലാതായി, ആ രാജ്യം തന്നെ തകർച്ചയുടെ വക്കിലാണ്. ഇറാനിലേക്ക് ഏതെങ്കിലും തരത്തിലുള്ള സഹായമോ പിന്തുണയോ നൽകാൻ തങ്ങളുടെധനകാര്യ സ്ഥാപനങ്ങളെയോ ബിസിനസ്സുകളെയോ വിമാനത്താവളങ്ങളെയോ സർക്കാർ സംവിധാനങ്ങളെയോ അനുവദിക്കുന്ന ഏത് രാജ്യവും കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഞാൻ ഇന്ന് പ്രഖ്യാപിക്കുന്നു' ട്രംപ് അറിയിച്ചു.ഇതൊരു നിർണ്ണായക സാമ്പത്തിക പോരാട്ടമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.


Mathrubhumi News 1 hour ago
Home Flash News