Select Location
All Locations
State
Region
City / District
ഉസ്താദ് ബിസ്മില്ലാഖാൻ ; ഇന്ത്യയുടെ ഷെഹ്നായി നാദം

ഇന്ത്യയുടെ ഷെഹ്നായി നാദം ഉസ്താദ് ബിസ്മില്ലാഖാൻ. ആ നാദം ഓർമകളിൽ മുഴുകി കേൾക്കാനാരംഭിച്ചിട്ട് ഇരുപത് വർഷം തിയകുകയാണ്. ശാസ്ത്രീയ സംഗീതത്തെ ജനപ്രിയമാക്കിയ, ശുദ്ധസംഗീതത്തിന്റെ വക്താവായ, മരണം വരെയും വാരണാസി വിട്ടുപോകാത്ത, സൈക്കിൾ റിക്ഷയെ സ്നേഹിച്ച ഉസ്താദ് ബിസ്മില്ലാഖാൻ
വിവാഹ വേദികളിൽ ഷെഹ്നായി സജീവമായിരുന്ന കാലം. പാരമ്പര്യമായി ഷെഹ്നായി വായിക്കുന്ന കുടുംബങ്ങൾ ഉണ്ടായിരുന്നു. അത്തരത്തിൽ പാരമ്പര്യമായി ഷെഹ്നായി വാദക്കാരായ ബീഹാറിലെ ഒരു കുടുംബത്തിലാണ് ബിസ്മില്ലാ ഖാൻ ജനിച്ചത്. അമറുദ്ദീൻ എന്ന പേരിനു പകരം പിൽക്കാലത്ത് ബിസ്മില്ല എന്ന പേര് സ്വയം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
സംഗീതം കാരണം മകന്റെ വിദ്യാഭ്യാസം മുടങ്ങിപ്പോകുമോ എന്ന ഭയത്താൽ ഷെഹ്നായി വാദകനായ പിതാവ് മകന്റെ സംഗീത പഠനത്തെ പ്രോത്സാഹിപ്പിച്ചില്ല. പക്ഷെ ബിസ്മില്ലയുടെ അടങ്ങാത്ത ആവേശത്തിന് മുന്നിൽ പിതാവിന് കീഴടങ്ങേണ്ടി വന്നു സ്കൂൾ പഠനം ഉപേക്ഷിച്ച് ആ ബാലൻ സംഗീതത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചു.
1924 ൽ കൽക്കത്തയിൽ വെച്ചാണ് ബിസ്മില്ല സംഗീതത്തിലെ ആദ്യ അരങ്ങേറ്റം കുറിക്കുന്നത്. 1937 ൽ കൽകത്തയിലെ പ്രശസ്തമായ സംഗീതസമ്മേളനത്തിൽ ഒറ്റക്ക് ഷെഹ്നായി വായിച്ചാണ് ബിസ്മില്ല സംഗീതലോകത്തേക്ക് ശ്രദ്ധേയമായ ചുവടുവെച്ചത്. പിന്നീടങ്ങോട്ട് ഉസ്താദ് ബിസ്മില്ല ഖാൻ ഇന്ത്യൻ സംഗീതലോകത്തെ അതികായനാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഷെഹ്നായി എന്ന ഗ്രാമീണ വാദ്യോപകരണത്തെ അദ്ദേഹം ശാസ്ത്രീയ സംഗീതോപകരണങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവന്നു. ഇന്ത്യയിലും വിദേശത്തും ബിസ്മില്ലയുടെ ഷെഹ്നായി നാദം സംഗീതവേദികളിൽ പുളകം തീർത്തു. അഫ്ഗാനിസ്ഥാൻ, യൂറോപ്പ്, ഇറാൻ, ഇറാഖ്, കാനഡ, വടക്കേ ആഫ്രിക്ക, അമേരിക്ക, റഷ്യ, ജപ്പാൻ, ഹോങ്കോങ്ങ്, തുടങ്ങിയ സ്ഥലങ്ങളിലും ലോകത്തിലെ മിക്കവാറും എല്ലാ പ്രശസ്ത നഗരങ്ങളിലും അദ്ദേഹം ഷെഹ്നായി വായിച്ചു. സംഗീതപ്രേമികൾ അദ്ദേഹത്തെ ഇന്ത്യയുടെ ഷെഹ്നായി നാദം എന്ന് വിളിച്ചു.
1947 ആഗസ്ത് 15 ന്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ആ ദിവസം, ദില്ലിയിലെ ചെങ്കോട്ടയിൽ ഷെഹ്നായി വായിച്ച് സ്വാതന്ത്ര്യത്തെ വരവേറ്റ ഉസ്താദ് ബിസ്മില്ലാഖാൻ രാജ്യത്തെ എല്ലാ ദേശീയ പുരസ്കാരങ്ങളും നേടിയ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ്. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത രത്നം അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
2006 ആഗസ്ത് 21-ന് പുലർച്ചെ രണ്ടുമണിക്ക് ആ നാദം നിലച്ചു. തന്റെ തൊണ്ണൂറാമത്തെ വയസിൽ, വാരണാസിയിലെ ഹെറിറ്റേജ് ആശുപത്രിയിൽ അദ്ദേഹം മരണത്തിന് കീഴടങ്ങി. പൂർണ ഔദ്യോഗിക ബഹുമതികളോടെ കർബല ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും സംഗീതം പഠിച്ച ഗംഗാതീരവും വാരണാസിയും വിട്ടുപോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. വാർദ്ധക്യം വരെയും ഇഷ്ട വാഹനമായ സൈക്കിൾ‌റിക്ഷയിലായിരുന്നു യാത്ര. ഒതുങ്ങിയ ജീവിതം ആഗ്രഹിക്കുകയും ജീവിക്കുകയും ചെയ്ത ബിസ്മില്ല ഖാൻ പാട്ടുകാർ ‘കാണപ്പെടേണ്ടവരല്ല, കേൾക്കപ്പെടേണ്ടവരാണ്’ എന്ന അഭിപ്രായക്കാരനായിരുന്നു. ആ നാദം ഇന്നും കേട്ടുകൊണ്ടേയിരിക്കുന്നു.


Kairali News 48 minutes ago
Home Flash News