ലോസ് ഏഞ്ചലസിലെ ജഗന്നാഥ രഥയാത്രയിൽ ആർനോൾഡ് ഷ്വാസ്നെഗർ; ചിത്രങ്ങൾ വൈറൽ
ലോസ് ഏഞ്ചൽസിൽ ഇസ്‌കോൺ സംഘടിപ്പിച്ച ജഗന്നാഥ രഥയാത്രയിൽ ഹോളിവുഡ് താരം ആർനോൾഡ് ഷ്വാസ്നെഗർ (Arnold Schwarzenegger) പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായി. കഴിഞ്ഞ ആഴ്ച നടന്ന രഥയാത്രയ്ക്കിടെ ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൈറലായി മാറി.
ഷ്വാസ്നെഗർ രഥയാത്രയുടെ ഭാഗമായിരുന്നോ, അതോ വെനീസ് ബീച്ചിന് സമീപത്തുകൂടി കടന്നുപോകുന്നതിനിടെ ആരാധകരുടെയും ഭക്തരുടെയും അഭ്യർഥന മാനിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തതാണോ എന്നത് വ്യക്തമല്ല. കറുത്ത ടി-ഷർട്ടും താടിയുമായി കാണപ്പെട്ട താരം ചടങ്ങിനെത്തിയവരുമായി ഇടപഴകുകയും ചില ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
‘ഫുബാർ’ റദ്ദാക്കി
അതേസമയം, ഷ്വാസ്നെഗറിന്റെ ഔദ്യോഗിക രംഗത്തെ പുതിയ സംഭവവികാസവും ശ്രദ്ധേയമാണ്. താരത്തിന്റെ ആക്ഷൻ-കോമഡി പരമ്പരയായ ‘ഫുബാർ’ രണ്ട് സീസണുകൾക്ക് ശേഷം റദ്ദാക്കിയതായി നെറ്റ്ഫ്ലിക്സ് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.