പൂപ്പാറ കാട്ടാന ആക്രമണം: മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത് ബന്ധുക്കളുടെ അനുമതിയില്ലാതെ
പൂപ്പാറ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികന്റെ മൃതദേഹം ബന്ധുക്കളുടെ അനുമതിയില്ലാതെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയതായി പരാതി. ഒച്ചുതേവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തമിഴ്നാട് തേനി മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടുപോയത്.
നെടുങ്കണ്ടം കമ്പംമെട്ട് വഴി രഹസ്യമായാണ് പോലീസ് മൃതദേഹം തമിഴ്നാട്ടിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു. ഇടുക്കി മെഡിക്കൽ കോളേജിൽ സർജൻ ഇല്ലെന്നാണ് പോലീസ് ഇതിന് നൽകിയ വിശദീകരണം.
തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയാണ് കൊല്ലപ്പെട്ട ഒച്ചു തേവർ. ചിന്നക്കനാൽ ഏഴ് ഏക്കറിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ബി എൽ റാമിന് സമീപം കോരംപാറ തോണ്ടിമല ഭാഗത്താണ് സംഭവം നടന്നത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിന് കീഴിലാണ് പ്രദേശം.