Select Location
All Locations
State
Region
City / District
LIVE
സെവാഗിന്റേയും ദ്രാവിഡിന്റേയും മക്കൾ ഇന്ത്യൻ അണ്ടർ-19 ടീമിൽ; ഒപ്പം മലയാളി താരം മാനവും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ഇന്ത്യൻ അണ്ടർ-19 ടീമിൽ ഒന്നിച്ച് കളിക്കാൻ ഒരുങ്ങുന്നു. ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ആര്യവീർ സെവാഗും അൻവെയ് ദ്രാവിഡും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 
മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗിന്റെ മകനായ ആര്യവീർ സെവാഗ് ഏകദിന ടീമിലാണ് ഇടംനേടിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റനും മുഖ്യ പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ അൻവെയ് ദ്രാവിഡ് വിക്കറ്റ് കീപ്പർ ബാറ്ററായി 15 അംഗ ഏകദിന ടീമിലെത്തിയിട്ടുണ്ട്. 
ഓസ്ട്രേലിയൻ അണ്ടർ-19 ടീമിന്റെ ഇന്ത്യൻ പര്യടനത്തിൽ മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് മൾട്ടി-ഡേ മത്സരങ്ങളുമാണ് ഉള്ളത്. മൾട്ടി-ഡേ മത്സരങ്ങൾക്കുള്ള ടീമിൽ മലയാളി താരം മാനവ് കൃഷ്ണയും ഇടം പിടിച്ചു. വിക്കറ്റ് കീപ്പർ ബാറ്ററാണ് മാനവ്. 
രാജ്കോട്ട് മൂന്ന് ഏകദിന മത്സരങ്ങൾക്കും ആദ്യ മൾട്ടി-ഡേ മത്സരത്തിനും വേദിയാകുമ്പോൾ, അഹമ്മദാബാദിലാണ് രണ്ടാമത്തെ മൾട്ടി-ഡേ മത്സരം നടക്കുക. ഏകദിന ടീമിനെ ലക്ഷ്യ റായ്ചന്ദാനി നയിക്കും, യഷ്ബർധൻ ചൗഹാൻ വൈസ് ക്യാപ്റ്റനാകും. അതേസമയം, മൾട്ടി-ഡേ ടീമിന്റെ ക്യാപ്റ്റൻ യഷ്ബർധൻ ചൗഹാനും വൈസ് ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയുമായിരിക്കും. 
ഡൽഹി അണ്ടർ-19 ടീമിന് വേണ്ടി കളിക്കുന്ന ആര്യവീർ, 2024-ലെ കൂച്ച് ബെഹാർ ട്രോഫിയിൽ മേഘാലയയ്ക്കെതിരെ 309 പന്തിൽ നിന്ന് 297റൺസ് നേടി ട്രിപ്പിൾ സെഞ്ചുറിക്ക് തൊട്ടടുത്തെത്തിയിരുന്നു. കൂടാതെ 2025-ലെ ടൂർണമെന്റിൽ 496 റൺസും താരം അടിച്ചുകൂട്ടി. 
വിക്കറ്റ് കീപ്പർ ബാറ്ററായ അൻവെയ്, കഴിഞ്ഞ ജൂലായിൽ ശ്രീലങ്ക അണ്ടർ-19 ടീമിനെതിരെ 67 പന്തിൽ നിന്ന് 87 റൺസ് നേടി തിളങ്ങിയിരുന്നു. 81 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ അർജുൻ രാജ്പുതുമൊത്ത് 145 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് അൻവെയ് അന്ന് രക്ഷപെടുത്തിയത്. കൂടാതെ വിനൂ മങ്കാദ് ട്രോഫിയിലെ ആറ് ഇന്നിങ്‌സുകളിൽ നിന്നായി താരം 220 റൺസും നേടിയിട്ടുണ്ട്. 


Mathrubhumi News 50 minutes ago
Home Flash News