ന്യൂഡൽഹി: അമേരിക്കയിലെ മെരിലാൻഡിൽ കഴിഞ്ഞ പുതുവത്സരദിനത്തിന്റെ തലേന്ന് റൂംമേറ്റിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന യുവാവിനെ കസ്റ്റഡിയിൽ എടുത്തതായി സ്ഥിരീകരിച്ച് പോലീസ്. അമേരിക്കയിലെ എല്ലികോട്ട് സിറ്റിയിൽ താമസക്കാരിയായ നികിത ഗോഡിശാല (27) എന്ന യുവതിയുടെ വധക്കേസുമായി ബന്ധപ്പെട്ടാണ് അർജുൻ ശർമ്മയെ (26) അറസ്റ്റു ചെയ്തത്.
നികിതയുടെ പിതാവ് ആനന്ദ് ഗോഡിശാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണത്തിനിടയിലാണ് ഹൈദരാബാദ് പോലീസ് ആഗ്രയിലെ ഒരു ഫ്‌ളാറ്റിൽനിന്ന് അർജുനെ കസ്റ്റഡിയിലെടുത്തത്. എട്ടുമാസത്തെ തിരച്ചിലിനൊടുവിലാണ് അർജുൻ ശർമ്മയെ പിടികൂടിയത്. 2025 ഡിസംബർ 31-നാണ് കൊലപാതകം നടന്നത്.
നികിതയെ കാണാനില്ലെന്ന് അർജുൻ തന്നെയാണ് ജനുവരി രണ്ടിന് ഹൊവാർഡ് കൗണ്ടി പോലീസിനെ അറിയിച്ചത്. പിന്നീട് ഇയാൾ രക്ഷപ്പെടുകയായിരുന്നു. മേരിലാൻഡിലെ കൊളംബിയയിലുള്ള അർജുന്റെ അപ്പാർട്ട്മെന്റിൽ കുത്തേറ്റ് മരിച്ച നിലയിലാണ് നികിതയെ കണ്ടെത്തിയത്. അർജുൻ നികിതയുടെ മുൻ കാമുകനാണെന്നാണ് പോലീസ് വിശേഷിപ്പിച്ചത്, എന്നാൽ, ഇക്കാര്യം നികിതയുടെ ബന്ധുക്കൾ തള്ളി.
ഇരുവരും റൂംമേറ്റുകളായിരുന്നെന്നും കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും നികിതയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നികിതയെ കൊലപ്പെടുത്തിയ ശേഷം അർജുൻ ശർമ്മ ഇന്ത്യയിലേക്ക് കടന്നുകളഞ്ഞുവെന്ന് ആരോപിച്ച് കൊലപാതകക്കുറ്റങ്ങൾ ചുമത്തി യുഎസ് പോലീസ് ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നികിതയുടെ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ മുറിവുകളുണ്ടെന്നും 2025 ഡിസംബർ 31-നാണ് മരണം സംഭവിച്ചതെന്ന് കരുതുന്നതായുമാണ് ജനുവരി നാലിന് അധികാരികൾ ഔദ്യോഗികമായി നികിതയുടെ കുടുംബത്തെ അറിയിച്ചത്. നിലവിൽ ഡൽഹിയിലെ കോടതി റിമാൻഡ് ചെയ്ത പ്രതിയെ ഉടൻതന്നെ അമേരിക്കയ്ക്ക് കൈമാറും. യുവതിയിൽനിന്ന് പണം വാങ്ങി തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയെ തുടർന്ന് ഏപ്രിലിലാണ് അർജുനെതിരെ തെലങ്കാനയിൽ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഹൈദരാബാദ് പോലീസ് വ്യക്തമാക്കി.
LIVE