കണ്ണൂരിൽ തേങ്ങയിടുന്നതിനിടെ കടന്നൽ കുത്തേറ്റ യുവാവ് മരിച്ചു
തേങ്ങയിടുന്നതിനിടെ കടന്നൽ കുത്തേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പരിയാരം തലോറ സ്വദേശി ടി.വി. ഗോകുൽദാസ് (45) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
ഓഗസ്റ്റ് 28-നായിരുന്നു സംഭവം. തളിപ്പറമ്പ് അടിക്കുംപാറയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ തെങ്ങിൽ നിന്ന് തേങ്ങയിടുന്നതിനിടെയാണ് ഗോകുൽദാസിന് കടന്നൽ കുത്തേറ്റത്. രക്ഷപ്പെടാൻ അടുത്തുള്ള വീട്ടുപറമ്പിലേക്ക് ഓടിക്കയറിയെങ്കിലും കടന്നൽക്കൂട്ടം പിന്നാലെയെത്തി അതിരൂക്ഷമായി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഗോകുൽദാസിനെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഷൈജ. മക്കൾ: നന്ദന, ഇഷാൻ.