രാജമൗലി, ഫഹദ് ഫാസിൽ കൂട്ടുകെട്ടിന്റെ 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ അടുത്തമാസം; റിലീസ് തീയതി പ്രഖ്യാപിച്ചു
ഫഹദ് ഫാസിൽ (Fahadh Faasil) നായകനായെത്തുന്ന ഫാന്റസി എന്റർടെയ്‌നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ (Dont Trouble The Trouble) ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. എസ്.എസ്. രാജമൗലി (S.S. Rajamouli) അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് നിർമാണം.
ഫാന്റസി, ഹ്യൂമർ, ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ സിനിമാനുഭവമാണ് ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒരുക്കുന്നത്. ചിത്രത്തിലെ ടീസറും ഗാനവും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസാകും. കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്.
ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഡെവലപ്മെന്റ് എസ്.എസ്. കാഞ്ചിയും, കോ-റൈറ്റർ ഹംസ അലിയുമാണ്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണം നിർവഹിക്കുമ്പോൾ പ്രവീൺ ആന്റണി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.