കേരളത്തിൽ ആദ്യമായി വ്യവസായ സൗഹൃദ പാഠ്യപദ്ധതി നടപ്പിലാക്കാൻ കുസാറ്റ്
വ്യവസായ-സാങ്കേതിക മേഖലകളിലെ അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാലാ പാഠ്യപദ്ധതിയിൽ കാലാനുസൃതമായ പരിഷ്‌കരണങ്ങൾ സാധ്യമാക്കുന്നതിനായി വ്യാവസായിക ഫ്ലെക്സിബിൾ കരിക്കുലം നടപ്പാക്കുന്നതിനുള്ള നിർണായക തീരുമാനത്തിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ധാരണയായി.
കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ഫ്ലെക്സിബിൾ കരിക്കുലം സംവിധാനം അവതരിപ്പിക്കുന്നത്. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരിയുടെ അധ്യക്ഷതയിൽ സർവകലാശാല ഡീന്മാരുടെയും വകുപ്പ് മേധാവികളുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനമെടുത്തത്.
ഫ്ലെക്സിബിൾ കരിക്കുലം നടപ്പാക്കുമ്പോൾ, പുതുതായി ഉയർന്നുവരുന്ന വിഷയമേഖലകൾ ഫലപ്രദമായി പഠിപ്പിക്കുന്നതിനായി ഫാക്കൽറ്റി അംഗങ്ങൾക്ക് ട്രെയിനിങ് പരിപാടികൾ, വ്യവസായ മേഖലയുമായുള്ള ഇടപെടലുകൾ, പ്രമുഖ ഗവേഷണ-വികസന സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയിലൂടെ തുടർച്ചയായ പ്രൊഫഷണൽ വികസനത്തിന് അവസരം നൽകണം എന്നതാണ് പ്രധാന നിർദ്ദേശങ്ങളിലൊന്ന്.