എട്ടാം ശമ്പള കമ്മീഷന്റെ ജയ്പൂരിലെ യോഗങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി സെപ്റ്റംബര്‍ 7, 8 തീയതികളില്‍ കമ്മീഷന്‍ ചെന്നൈ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകളും മറ്റ് ബന്ധപ്പെട്ടവരും എട്ടാം ശമ്പള കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള 3 ശതമാനം എന്ന വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് മിക്ക സംഘടനകളുടേയും ആവശ്യം.
വര്‍ധിച്ചുവരുന്ന ചെലവുകള്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലെ 3 ശതമാനം വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്ക് പര്യാപ്തമല്ലെന്നാണ് സംഘടനകള്‍ പറയുന്നത്. ഇന്‍ക്രിമെന്റ് നിരക്ക് 7 ശതമാനം വരെയാക്കി ഉയര്‍ത്തണമെന്നാണ് സംഘടനകള്‍ ശുപാര്‍ശ ചെയ്യുന്നത്. 5 ശതമാനമോ 7 ശതമാനമോ ആയ ഉയര്‍ന്ന ഇന്‍ക്രിമെന്റ് നിരക്ക് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെ എങ്ങനെ ബാധിക്കും എന്ന് നോക്കാം.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രധാന സംഘടനയായ 'നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി', എട്ടാം ശമ്പള കമ്മീഷന് സമര്‍പ്പിച്ച നിവേദനത്തില്‍ 6 ശതമാനം വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍, ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍സ് എന്നിവയും 6 ശതമാനം വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതേസമയം, ഓള്‍ ഇന്ത്യ ന്യൂ പെന്‍ഷന്‍ സ്‌കീം എംപ്ലോയീസ് ഫെഡറേഷന്‍ 7 ശതമാനം വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്കാണ് ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെ 3% വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്ക് എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കാം.
ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം 18,000 രൂപ അടിസ്ഥാന ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കുന്ന ഒരു 'ലെവല്‍ 1' ജീവനക്കാരനെ ഉദാഹരണമായി എടുത്താല്‍ 3% ഇന്‍ക്രിമെന്റ് നിരക്ക് പ്രകാരം, ശമ്പള കമ്മീഷന്‍ കാലയളവിലെ പത്താം വര്‍ഷം അവസാനിക്കുമ്പോള്‍ ഇവരുടെ അടിസ്ഥാന ശമ്പളം 23,500 രൂപയായിരിക്കും. ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം 29,200 രൂപ അടിസ്ഥാന ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കുന്ന ലെവല്‍ 5 ജീവനക്കാരന്, പത്താം വര്‍ഷം അവസാനിക്കുമ്പോള്‍ ഏകദേശം 38,100 രൂപ ലഭിച്ചിട്ടുണ്ടാകും.
അടിസ്ഥാന ശമ്പളത്തിന് പുറമേ, മിക്ക ജീവനക്കാര്‍ക്കും ക്ഷാമബത്ത, വീട്ടുവാടക അലവന്‍സ്, യാത്രാബത്ത എന്നിവ ലഭിക്കുന്നുണ്ട്. എന്നിരുന്നാലും, ഈ അലവന്‍സുകള്‍ ലഭിച്ചാല്‍ പോലും, പ്രത്യേകിച്ച് 'ടയര്‍ 1' നഗരങ്ങളില്‍ ജോലി ചെയ്യുന്ന താഴ്ന്ന ലെവലിലുള്ള ജീവനക്കാര്‍ക്ക് ചെലവുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് ജീവനക്കാരുടെ സംഘടനകള്‍ അഭിപ്രായപ്പെടുന്നു.
7% വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്ക് നടപ്പിലാക്കിയാല്‍ ഒരു ശമ്പള കമ്മീഷന്‍ കാലയളവിനുള്ളില്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഏകദേശം ഇരട്ടിയാകും. 5% മുതല്‍ 7% വരെയുള്ള വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്കുകള്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. 47,600 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു 'ലെവല്‍ 8' ജീവനക്കാരനെ ഉദാഹരണമായി എടുക്കാം.
എട്ടാം ശമ്പള കമ്മീഷന്‍ 2.15 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ അംഗീകരിച്ചാല്‍, 3%, 5%, 6%, 7% എന്നീ വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്കുകളില്‍ 10 വര്‍ഷം കൊണ്ട് ഇത്തരമൊരു ജീവനക്കാരന് ലഭിക്കുന്ന ആകെ അടിസ്ഥാന ശമ്പളം നമുക്ക് താരതമ്യം ചെയ്യാം. ലെവല്‍ 8 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 47,600 രൂപയാണ്. എട്ടാം ശമ്പള കമ്മീഷന്‍ 2.15 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ പ്രകാരം ഇത് 102340 രൂപയാകും. 5% വാര്‍ഷിക ഇന്‍ക്രിമെന്റ് പരിഗണിച്ചാല്‍ പത്താം വര്‍ഷം അവസാനിക്കുമ്പോള്‍ 19,05155 രൂപ ലഭിക്കും. ഇത് 7% മാണെങ്കില്‍ 28.89 ലക്ഷം രൂപയാകും. വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്കില്‍ ഒരു ശതമാനം വര്‍ധനയുണ്ടാകുന്നത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ എത്ര വലിയ മാറ്റമാണ് വരുത്തുന്നത്. എന്നിരുന്നാലും, ഇവ കേവലം കണക്കുകൂട്ടലുകള്‍ മാത്രമാണ്. എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം വന്നതിനുശേഷം മാത്രമേ യഥാര്‍ത്ഥ ഇന്‍ക്രിമെന്റ് നിരക്കും ശമ്പള വര്‍ധനയും അറിയാന്‍ കഴിയൂ.
LIVE