അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനം പറത്തും; മലയാളിയുടെ ‘ഫ്ലൈ91’ കമ്പനിയിൽ ചേർന്നു
ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാകിസ്ഥാന്റെ എഫ് - 16 യുദ്ധവിമാനത്തെ പിന്തുടർന്ന് തുരത്തിയ യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനം പറത്തും. വ്യോമസേനയിലെ കരിയറിനൊടുവിൽ, മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91’ വിമാനക്കമ്പനിയുടെ പൈലറ്റായി അഭിനന്ദൻ ജോലിയിൽ പ്രവേശിച്ചു. എടിആർ 72–600 ടർബോപ്രോപ്പ് വിമാനങ്ങളാണ് അദ്ദേഹം പറത്തുക
പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തെ 2019 ഫെബ്രുവരി 27നാണ് മിഗ് 21 ബൈസൺ വിമാനത്തിൽ കുതിച്ചെത്തിയ അഭിനന്ദൻ വെടിവച്ചു വീഴ്ത്തിയത്. പാക്ക് ആക്രമണത്തെത്തുടർന്ന് വിമാനത്തിൽനിന്ന് ഇജക്ട് ചെയ്ത അഭിനന്ദൻ പരിക്കുകളോടെ പാകിസ്ഥാന്റെ പിടിയിലായി. മൂന്നുദിവസത്തോളം തടവിൽ കഴിഞ്ഞശേഷം മാർച്ച് ഒന്നിന് മോചിതനായി.
സേനാനിയമങ്ങൾ പ്രകാരം യുദ്ധവിമാന പൈലറ്റിന്റെ ദൗത്യത്തിൽനിന്ന് ഹ്രസ്വകാലത്തേക്കു അഭിനന്ദനെ മാറ്റിനിർത്തിയിരുന്നു. മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയതിനു പിന്നാലെ അതേവർഷം സെപ്റ്റംബറിലാണു വീണ്ടും പൈലറ്റിന്റെ ചുമതല നൽകിയത്. വിങ് കമാൻഡറായിരുന്ന അഭിനന്ദന് 2021 ലാണ് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകിയത്. 2021-ൽ ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന സൈനിക ബഹുമതിയായ വീരചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.