തമിഴ്നാട്ടിലെ ഈറോഡിൽ സർക്കാർ സ്‌കൂളിലെ പ്രഭാതഭക്ഷണ പദ്ധതിക്കായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി പകരംവീട്ടിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാചകക്കാരിയായിരുന്ന ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വിരോധം മൂലമാണ് തമിഴ്‌നാട് ഈറോഡ് സ്വദേശിയായ അറുമുഖം ഈ വിചിത്രവും അപലപനീയവുമായ കൃത്യം ആസൂത്രണം ചെയ്തത്. സ്‌കൂളിലെ മുൻ പാചകക്കാരിയായ അലമ്മാളിന്റെ ഭർത്താവായ അറുമുഖത്തെയാണ് പോലീസ് പിടികൂടിയത്.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 123 പ്രകാരമാണ് പ്രതിയായ അറുമുഖത്തെ പോലീസ് അറസ്റ്റ് ചെയ്തത്. പാചകത്തിന്റെ ഗുണനിലവാരം മോശമാണെന്നാരോപിച്ചാണ് ഇയാളുടെ ഭാര്യയെ ജോലിയിൽ നിന്ന് പുറത്താക്കിയത്. ഇതിലുള്ള വിരോധം മൂലം പ്രഭാതഭക്ഷണമായ സാമ്പാർ മലിനമാക്കാൻ പ്രതി ഒരു വിദ്യാർത്ഥിയെ നിർബന്ധിക്കുകയായിരുന്നു.
വിദ്യാർത്ഥികൾക്ക് വിളമ്പുന്നതിന് മുൻപ് അധ്യാപകർ ഭക്ഷണ സാധനങ്ങൾ രുചിച്ചു നോക്കിയപ്പോഴാണ് സാമ്പാറിന് അസാധാരണമാംവിധം കയ്പ്പുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. സ്കൂൾ പാചകക്കാരൻ അബദ്ധത്തിൽ അധികം മഞ്ഞൾ ചേർത്തതാകാം എന്നാണ് അധ്യാപകർ ആദ്യം കരുതിയത്. എന്നാൽ അധ്യാപകർക്ക് നൽകാൻ മാറ്റിവെച്ച സാമ്പിളിൽ മാത്രമാണ് ചാണകപ്പൊടി കലർത്തിയിരുന്നതെന്നും, കുട്ടികൾക്കുള്ള ഭക്ഷണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 29-നാണ് സംഭവം നടന്നതെങ്കിലും സെപ്റ്റംബർ 1-നാണ് അധികൃതർ പോലീസിൽ പരാതി നൽകിയത്.
LIVE