എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കാനൊരുങ്ങുന്ന ശമ്പള പരിഷ്കരണമാണ് ഇപ്പോൾ സർക്കാർ ജീവനക്കാർ ഉറ്റുനോക്കുന്നത്. ശമ്പളത്തിൽ എത്രമാത്രം വർധനവ് ഉണ്ടാകും, മറ്റ് ആനുകൂല്യങ്ങൾ എന്തൊക്കെയായിരിക്കും തുടങ്ങിയ വിഷയങ്ങളിലെല്ലാം ചർച്ച പുരോഗമിക്കുകയാണ്.
ഇതിനോടകം തന്നെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകളുമായി പ്രത്യേകം ചർച്ചകൾ കമ്മീഷൻ നടത്തിയിട്ടുണ്ട്. ഈ ചർച്ചകളിലെല്ലാം സംഘടനകൾ മുന്നോട്ടുവെച്ച പ്രധാന നിർദേശം വാർഷിക ശമ്പള വർധനവിനെ കുറിച്ചാണ്.നിലവിലുള്ള 3 ശതമാനത്തിൽ നിന്നും വാർഷിക ശമ്പള വർധനവ് 5 മുതൽ 7 ശതമാനം വരെ ആക്കണമെന്നാണ് ആവശ്യം.
നാഷണൽ കൗൺസിൽ ഓഫ് ദി ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി,ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ,ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് തുടങ്ങിയ സംഘടനകൾ 6 ശതമാനം വർധനവാണ് ആവശ്യപ്പെട്ടത്. അതേസമയം ഇന്ത്യൻ റെയിൽവേ ടെക്നിക്കൽ സൂപ്പർവൈസേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത് 5 ശതമാനമാണ്. അതോടൊപ്പം 4.0 ഫിറ്റ്മെൻ്റ് ഫാക്ടറും അവർ ഉയർത്തുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കിയാൽ നിലവിലുള്ള 3 ശതമാനം വാർഷിക വർധനവും ഡിഎയും ചേർത്താൽ തന്നെ 10 വർഷം കൊണ്ട് പോലും ജീവനക്കാരുടെ ശമ്പളം ഇരട്ടിയാകില്ലെന്നാണ് എഐഎൻപിഎസ്ഇഎഫ് സംഘടന ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ 7 ശതമാനം വാർഷിക വർധനവാണ് ഇവർ ആവശ്യപ്പെടുന്നത്. അങ്ങനെ നടപ്പാക്കുമ്പോൾ 7-8 വർഷം കൊണ്ട് തന്നെ ഇരട്ടി ശമ്പളം ലഭിക്കുമെന്ന് ഇവർ പറയുന്നു. ടയർ 1 സിറ്റികളിൽ താമസിക്കുന്ന താഴേക്കിടയിലുള്ള ജീവനക്കാർക്ക് തന്നെ ഇത് വലിയ സഹായമാവുമെന്നും അവർ പറഞ്ഞു. വാർഷിക ശമ്പളം 7 ശതമാനം ആയാൽ തന്നെ 10 വർഷത്തിന് ശേഷമുള്ള ശമ്പള കമ്മീഷനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാമെന്നും സംഘടനകൾ ചൂണ്ടുിക്കാട്ടി.
LIVE