Select Location
All Locations
State
Region
City / District
LIVE
ഇറാന്‍ കളംവിട്ടോ? യുദ്ധഭൂമിയായി സൗദി അറേബ്യ; അബഹയിലും ജിസാനിലും മൂന്നിടത്ത് ഹൂതി ആക്രമണം

ഇറാന്‍ അമേരിക്ക യുദ്ധത്തിന് താല്‍ക്കാലിക വിരാമമായിരിക്കെ മറ്റൊരു ഭാഗത്ത് യുദ്ധം ശക്തിപ്പെടുന്നു. സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മിലാണ് പോര്. കഴിഞ്ഞ ദിവസം ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിള്‍ ശക്തമായ ആക്രമണം നടന്നിരുന്നു. ഇന്നലെ ഹൂതികള്‍ സൗദിയിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തി. ഇന്ന് മൂന്നിടങ്ങളില്‍ മിസൈലുകളും ഡ്രോണുകളും വീണു.
അബഹ വിമാനത്താവളം, കിങ് ഖാലിദ് സൈനിക താവളം, അരാംകോ എണ്ണ കേന്ദ്രം എന്നിവിടങ്ങളാണ് ഇന്ന് ഹൂതികള്‍ ലക്ഷ്യമിട്ടത്. അബഹയിലും ജിസാനിലുമായിട്ടായിരുന്നു ആക്രമണങ്ങള്‍. ഹൂതികളുടെ മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടു. തിങ്കളാഴ്ച ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ 73 പേര്‍ക്ക് സൗദിയില്‍ പരിക്കേറ്റിരുന്നു. അബഹ, ഖമീസ് മുശൈത്ത്, നജ്രാന്‍, ജിസാന്‍ എന്നിവിടങ്ങളിലായിരുന്നു ആക്രമണങ്ങള്‍ എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനില്‍ നിന്ന് യമനിലെത്തിയ വിമാനം ആക്രമിക്കാന്‍ സൗദി പിന്തുണയുള്ള യമനിലെ സര്‍ക്കാര്‍ സൈന്യം ജുലൈയില്‍ ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് മേഖലയില്‍ വീണ്ടും അശാന്തി പരന്നത്. ഇതിനെതിരെ ഹൂതികള്‍ ശക്തമായ ആക്രമണം നടത്തി. കൂടാതെ ബാബുല്‍ മന്തിബ് കടലിടുക്കിന്റെ നിയന്ത്രണം പിടിക്കാനും ഇവര്‍ ശ്രമിച്ചതോടെ പോര് ശക്തമായി.
യമനിലെ സര്‍ക്കാര്‍ സൈന്യത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നത് സൗദിയാണ് എന്ന് ഹൂതികള്‍ പറയുന്നു. ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നത് ഇറാനാണ് എന്ന് അമേരിക്കയും സൗദി സഖ്യവും പറയുന്നു. യമനിലെ കൂടുതല്‍ പ്രദേശവും ഇപ്പോള്‍ ഹൂതികളുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ ഏദന്‍, ബാബുല്‍ മന്തിബിനോട് ചേര്‍ന്ന പ്രദേശം എന്നിവയെല്ലാം സര്‍ക്കാര്‍ സൈന്യത്തിന് കീഴിലും. ഇവ പിടിക്കാന്‍ ഹൂതികള്‍ ശ്രമിക്കുന്നതാണ് സംഘര്‍ഷം രൂക്ഷമാക്കുന്നത്.
തിങ്കളാഴ്ച യമനിലെ ജൗഫ്, അല്‍ ബയ്ദ, മാരിബ്, തായിസ് എന്നിവിടങ്ങളില്‍ സൗദി സേന വ്യോമാക്രമണം നടത്തി എന്ന് ഹൂതികള്‍ ആരോപിച്ചിരുന്നു. എല്ലാ ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഹൂതി നേതാവ് യഹ്യ സരീ പ്രതികരിച്ചത്. എന്നാല്‍ ആക്രമണം നടത്തിയ കാര്യം സൗദി അറേബ്യ സ്ഥിരീകരിച്ചിട്ടില്ല.
അല്‍ ഹസമിലെ ജയിലില്‍ സൗദി നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടെന്നും 20 തടവുകാര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിയെന്നും ഹൂതികള്‍ പറയുന്നു. ജയിലില്‍ സന്ദര്‍ശനത്തിന് എത്തിയ കുട്ടി ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് മരണ സംഖ്യ പുറത്തുവിട്ടത്. ആക്രമണവും പ്രത്യാക്രമണവും നടക്കുന്നതോടെ ശരിക്കും യുദ്ധമേഖല ആയരിക്കുകയാണ് സൗദി അറേബ്യ-യമന്‍ അതിര്‍ത്തി പ്രദേശങ്ങള്‍.
യമനിലെ ചെങ്കടല്‍ തീരത്ത് നിന്ന് നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവിടെ ഇടയ്ക്കിടെ ആക്രമണം നടക്കുന്നതിനാലാണിത്. ബാബുല്‍ മന്തിബ് പിടിക്കുകയാണ് ഹൂതികളുടെ ലക്ഷ്യം. ഏദന്‍ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന കടല്‍പാതയാണ് ബാബുല്‍ മന്തിബ്. ചെങ്കടലില്‍ പ്രവേശിച്ച ശേഷമാണ് കപ്പലുകള്‍ സൂയസ് കനാല്‍ ലക്ഷ്യമിട്ട് പോകുക. അതുവഴി യൂറോപ്പിലേക്കും. ഈ മേഖല യുദ്ധക്കളമായാല്‍ സൗദിയുടെ വ്യാപാരം കൂടുതല്‍ പ്രതിസന്ധിയിലാകും.


One India Malayalam 55 minutes ago
Home Flash News