സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം നടന്ന വേദി സന്ദർശിച്ച് മന്ത്രി സുരേഷ് ഗോപി
തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ അപകടം നടന്ന മത്സരവേദി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മത്സരവേദി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ മന്ത്രി, അപകടത്തിൽ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തി സന്ദർശിച്ചു. മേൽക്കൂര നിർമ്മിക്കുന്നതിന് സ്പോർട്സ് കൗൺസിലിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ തന്റെ എം.പി ഫണ്ടിൽ നിന്ന് തുക അനുവദിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു.
ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കുമല്ല, പരിഹാരത്തിനാണ് ഇപ്പോൾ മുൻഗണന നൽകേണ്ടതെന്നും കായികപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഇത്തരം വേദികളിൽ കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തൃശ്ശൂരിൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെയുണ്ടായ ദൗർഭാഗ്യകരമായ അപകടം നടന്ന മത്സരവേദി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ പരിക്കേറ്റ ദേവികയെ അശ്വിനി ആശുപത്രിയിലെത്തി സന്ദർശിച്ചു. വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. നാടിന്റെ ഭാവിയായ നമ്മുടെ കായികപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഇത്തരം വലിയ വേദികളിൽ കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. നീന്തൽക്കുളങ്ങളിലെ അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലും, മുൻകരുതലുകൾ എടുക്കുന്നതിലും സംഭവിച്ച പോരായ്മകൾ സ്പോർട്സ് കൗൺസിൽ പരിശീലകരുമായി സംസാരിച്ചപ്പോൾ കൂടുതൽ ബോധ്യപ്പെട്ടു.
നാളത്തെ വാഗ്ദാനങ്ങളായ കുട്ടികൾ മത്സരിക്കാൻ ഇറങ്ങുമ്പോൾ വേദികളുടെ സാങ്കേതിക കൃത്യതയും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കേണ്ടത് പ്രാഥമിക ഉത്തരവാദിത്തമാണ്. ആരോപണ പ്രത്യാരോപണങ്ങൾക്കല്ല, പരിഹാരത്തിനാണ് ഇപ്പോൾ മുൻഗണന നൽകേണ്ടത്. കായികതാരങ്ങൾക്ക് വെയിലും മഴയുമേൽക്കാതെ സുരക്ഷിതമായി മത്സരിക്കാൻ ആവശ്യമായ മേൽക്കൂര (Canopy) നിർമ്മിക്കുന്നതിന്, സ്പോർട്സ് കൗൺസിൽ അനുമതി നൽകുകയാണെങ്കിൽ എന്റെ എം.പി ഫണ്ടിൽ (MPLADS) നിന്ന് തുക അനുവദിക്കാൻ തയ്യാറാണ്. നമ്മുടെ മക്കളുടെ സ്വപ്നങ്ങൾ കളിക്കളങ്ങളിൽ പൊലിഞ്ഞുപോകരുത്; അവർക്ക് നിർഭയമായി പൊരുതാൻ സുരക്ഷിതമായ വേദികൾ ഒരുക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്.
കനത്ത കാറ്റിലും മഴയിലുമാണ് സ്കൂള്‍ കായികമേളയുടെ മത്സരങ്ങള്‍ നടക്കുന്ന വേദിയിൽ അപകടമുണ്ടായത്. വേദിയ്ക്ക് മുകളിൽ കെട്ടിയിരുന്ന ഷീറ്റുകള്‍ പാറന്നുപോയി. തൃശൂർ അക്വാട്ടിക് കോംപ്ലക്സിലാണ് അപകടം ഉണ്ടായത്. കാറ്റില്‍ മുകളില്‍ കെട്ടിയിരുന്ന ഷീറ്റുകള്‍ പറന്നു പോകുകയായിരുന്നു. കായികമേളയുടെ ഭാഗമായ നീന്തല്‍, പവര്‍ ലിഫ്റ്റിംഗ് അടക്കമുള്ള മത്സരങ്ങളാണ് തൃശ്ശൂരില്‍ നടക്കുന്നത്.