യാത്രാ ബസുകളിൽ വാണിജ്യ ചരക്കുകൾ കയറ്റരുത്, സ്ലീപ്പർ ബസുകളിൽ ഡ്രൈവർക്കു പിന്നിലെ വാതിൽ നീക്കണം
ബെംഗളൂരു ∙ കർണാടകയിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ ബസുകൾക്കു സർക്കാർ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ 28ന് പൂർത്തിയാക്കണമെന്ന് നിർദേശം. സ്ലീപ്പർ ഉൾപ്പെടെയുള്ളവ അപകടത്തിൽപെടുന്നതും തീപിടിക്കുന്നതും കൂടിയ സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് സുരക്ഷാ മാനദണ്ഡങ്ങൾ നിർദേശിച്ചത്. നിർദേശങ്ങൾ പാലിക്കാത്ത വാഹന ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എ.എം.യോഗേഷ് പറഞ്ഞു.
നിർദേശങ്ങൾ
സ്ലീപ്പർ ബസുകളിൽ ഡ്രൈവർക്കു പിന്നിലെ വാതിൽ നീക്കണം, സ്ലീപ്പർ ബെർത്തുകളിൽ ഘടിപ്പിച്ചിരിക്കുന്ന സ്ലൈഡിങ് വാതിലുകളും നീക്കണം തുടങ്ങി ഒട്ടേറെ നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. അഗ്നിരക്ഷാ സംവിധാനം നിർബന്ധമാണെന്നും യാത്രാ ബസുകളിൽ വാണിജ്യ ചരക്കുകൾ കയറ്റരുതെന്നും നിർദേശമുണ്ട്. എല്ലാ ബസുകളിലും എമർജൻസി വാതിലിന്റെയും അഗ്നിരക്ഷാ ഉപകരണങ്ങളുടെയും സ്ഥാനം വ്യക്തമായി സൂചിപ്പിക്കുന്ന ഡിസൈൻ ലേഔട്ട് പ്രദർശിപ്പിക്കണം.
Advertisement