ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി നിർദേശം
ഇറാനിലെ ഖമേനി ഭരണകൂടം പ്രതിഷേധക്കാർക്കെതിരെ നടത്തുന്ന അടിച്ചമർത്തലുകളുടെ പശ്ചാത്തലത്തിൽ ജനുവരി 5-ന് നൽകിയ മുന്നറിയിപ്പിന്റെ തുടർച്ചയായാണ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും ലഭ്യമായ ഏത് യാത്രാമാർഗവും ഉപയോഗിച്ച് രാജ്യം വിടാൻ ടെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. ഇറാനിലെ ഖമേനി ഭരണകൂടം പ്രതിഷേധക്കാർക്കെതിരെ നടത്തുന്ന അടിച്ചമർത്തലുകളുടെ പശ്ചാത്തലത്തിൽ ജനുവരി 5-ന് നൽകിയ മുന്നറിയിപ്പിന്റെ തുടർച്ചയായാണ് പുതിയ നിർദ്ദേശം . ഇറാനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിലവിൽ അവിടെയുള്ള വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസ്സുകാർ, വിനോദസഞ്ചാരികൾ എന്നിവരടക്കുള്ള ഇന്ത്യൻ പൌരൻമാർ വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ മാർഗങ്ങളിലൂടെ മടങ്ങണമെന്നാണ് നിർദ്ദേശം.
എല്ലാ ഇന്ത്യൻ പൗരന്മാരും ഒറിജിൻ കാർഡുള്ളവരും (PIOs) അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധ സ്ഥലങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഇവർ എംബസിയുമായി നിരന്തരം ബന്ധപ്പെടുകയും പ്രാദേശിക മാധ്യമങ്ങൾ നിരീക്ഷിക്കുകയും വേണം. പാസ്‌പോർട്ട്, തിരിച്ചറിയൽ രേഖകൾ തുടങ്ങിയ യാത്രാ രേഖകൾ എപ്പോഴും കൈവശം കരുതാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ എംബസിയിൽ രജിസ്റ്റർ ചെയ്യാത്തവർ ഓൺലൈൻ പോർട്ടൽ വഴി അത് പൂർത്തിയാക്കണം. ഇന്റർനെറ്റ് തടസ്സമുണ്ടെങ്കിൽ ഇന്ത്യയിലുള്ള ബന്ധുക്കൾ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. അടിയന്തര സഹായത്തിനായി +989128109115, +989128109109, +989128109102, +989932179359 എന്നീ മൊബൈൽ നമ്പറുകളും cons.tehran@mea.gov.in എന്ന ഇമെയിൽ വിലാസവും എംബസി നൽകിയിട്ടുണ്ട്.