ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല; കേന്ദ്ര നിലപാടിനെതിരെ ശക്തമായ വിയോജിപ്പുമായി മന്ത്രി വി. ശിവൻകുട്ടി
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്രം വിളിച്ചുചേർത്ത യോഗത്തിൽ ലേബർ കോഡിനെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ലേബർ കോഡിൽ മിനിമം വേതനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ലേബർ കോഡുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപീകരിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ലേബർ കോഡിനെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഈ വിഷയത്തിൽ പഠനം നടത്തി ഭേദഗതികൾ നിർദ്ദേശിക്കാൻ സർക്കാർ ജസ്റ്റിസ് ഗോപാൽ ഗൗഡയെ ചുമതലപ്പെടുത്തിയിരുന്നു. സമിതി അതിന്റെ റിപ്പോർട്ട് നിശ്ചിത സമയത്തിനുള്ളിൽ തന്നെ നാല് ഭാഗങ്ങളായി സമർപ്പിച്ചിട്ടുണ്ട്.
തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കണമെന്നും ദുർബല വിഭാഗങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള മൂന്ന് കരട് ബില്ലുകൾ വേണമെന്നും സമിതി റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്. കോൺക്ലേവിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന് മറുപടി നൽകിയിട്ടുണ്ടെന്നും, റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.