പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. രാവിലെ 11-45ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം ഉച്ചയ്ക്ക് 12:15ന് കൊച്ചി നാവിക ആസ്ഥാനത്ത് എത്തും. അവിടെനിന്ന് റോഡ് മാർഗം മറൈൻ ഡ്രൈവിലേക്ക് തിരിക്കും. ഉച്ചയ്ക്ക് 12:30 മുതൽ 1 മണി വരെ മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് 1.15ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
ബി പി സി എല്‍ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ യൂണിറ്റിന്റെ ഉദ്ഘാടനവും, കൊല്ലം വെസ്റ്റ് കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. വൈകുന്നേരം 3:20-ഓടെ അദ്ദേഹം തിരികെ നാവിക ആസ്ഥാനത്ത് നിന്ന് നെടുമ്പാശേരിക്ക് പോകും. കൊച്ചിയിൽ നിന്ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലേക്കാണ് പോകുന്നത്.