ഹോർമൂസിൽ ഇറാന്റെ 16 പടക്കപ്പലുകൾ ആക്രമിച്ച് തകർത്തെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു
വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിൽ ആക്രമണം നടത്താനെത്തിയ ഇറാന്റെ 16 പടക്കപ്പലുകൾ യുഎസ് ആക്രമിച്ച് തകർത്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടലിനടിയിൽ മൈനുകൾ സ്ഥാപിക്കാനായി എത്തിയ കപ്പലുകളെയാണ് ആക്രമിച്ചതെന്നാണ് യുഎസ് വാദം. നശിപ്പിച്ചവയിൽ ഒന്നിലധികം ഇറാൻ നാവിക കപ്പലുകളും ഉണ്ടെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
മേഖലയിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ ഉടൻ നീക്കംചെയ്തില്ലെങ്കിൽ ഇതുവരെ കാണാത്ത കടലാക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. രാജ്യാന്തര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന രീതിയിൽ ഇറാന്റെ സൈനിക നീക്കങ്ങളെ പ്രതിരോധിക്കാനാണ് ഈ ആക്രമണം നടത്തിയതെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം.
കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്നതിനെതിരെയും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ട്രംപ് ഇറാനെതിരെ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാന്റെ നാവികശേഷിയെ ദുർബലപ്പെടുത്തുന്ന നടപടികൾ അമേരിക്ക തുടരുകയാണ്.
മയക്കുമരുന്ന് കടത്തുകാർക്കെതിരെ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയും മിസൈൽ ശേഷിയും ഉപയോഗിച്ച് ഹോർമുസ് കടലിടുക്കിൽ മൈൻ നിക്ഷേപിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും തകർക്കുമെന്നും ട്രംപ് വ്യക്തമാക്കി.
യുദ്ധം തുടങ്ങിയതിനുശേഷം ഇറാനെതിരേ ഏറ്റവുംവലിയ ആക്രമണമുണ്ടാകുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സിത്ത് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ കപ്പലുകൾക്കു നേരേ ആക്രമണമുണ്ടായത്.