വി ബി ജി റാം ജി ബില്‍: ‘ഗാന്ധിജിയുടെ രണ്ടാം ഹത്യയ്ക്കായി കേന്ദ്ര സർക്കാർ രാമനെ കൂട്ടുപിടിക്കേണ്ടതില്ലായിരുന്നു’; ഡോ. ജോണ്‍ ബ്രിട്ടാസ് എം പി
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് ഗാന്ധിജി പറഞ്ഞതു കൊണ്ടുമാത്രം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയെ വെട്ടിമാറ്റിയെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഗാന്ധിജിയുടെ രണ്ടാം ഹത്യയ്ക്കായി കേന്ദ്ര സർക്കാർ ഇത്തവണ രാമനെ കൂട്ടുപിടിക്കേണ്ടതില്ലായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. തൊഴിലുറപ്പ് പദ്ധതിയെ പരിഷ്കരിച്ചു കൊണ്ടുള്ള വി ബി ജി റാംജി ബില്ലിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിലാണ് ഇന്ത്യ ജീവിക്കുന്നതെന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ വെറും ആലങ്കാരികമല്ലെന്നും രാജ്യത്തിന്റെ ആത്മാവ് ഗ്രാമീണ മേഖലയിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ നിലവിലെ സർക്കാർ ഗാന്ധിജിയുടെ ഈ സങ്കല്പത്തെ അവഗണിക്കുകയാണെന്നും ഗ്രാമീണ ജനതയെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെന്ന് അവകാശപ്പെടുമ്പോഴും, ഗ്രാമീണ മേഖലയിലെ ദുരിതവും വർദ്ധിച്ചുവരുന്ന അസമത്വത്തക്കുറിച്ചും സർക്കാർ ശ്രദ്ധിക്കുന്നില്ല. ഇന്ത്യയുടെ പ്രതിശീർഷ വരുമാനം നിലവിൽ ശ്രീലങ്കയേക്കാൾ താഴെയാണ്. വി ബി ജി റാംജി ബില്ലിലൂടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഈ പദ്ധതിയുടെ 40% സാമ്പത്തിക ഭാരം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയും ദുരിതവും കാരണം വലിയ തോതിലുള്ള കുടിയേറ്റം സംഭവിക്കുന്നു. ഉത്തർപ്രദേശിൽ നിന്ന് 3 കോടി ആളുകളും ബിഹാറിൽ നിന്ന് 2.5 കോടി ആളുകളും കുടിയേറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.