16,000 കോടി രൂപയുടെ ഡീൽ! ആരാകും ആർസിബിയുടെ പുതിയ ഉടമ
ഐപിഎല്ലിലെ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ വില്പന നടപടികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. നിലവിലെ ഉടമകളായ ദിയജിയോ ഗ്രൂപ്പ് ഏകദേശം 16000 കോടി രൂപയാണ് വില്പനയിലൂടെ പ്രതീക്ഷിക്കുന്നത്. തങ്ങളുടെ സഹകമ്പനിയായ യുനൈറ്റഡ് സ്പിരിറ്റ്സ് മുഖാന്തിരം ആർസിബിയുടെ ഉടമാവസ്ഥവകാശം കൈവശം വച്ചിരിക്കുന്ന കമ്പനി കഴിഞ്ഞ കൊല്ലമാണ് ഫ്രാൻഞ്ചൈസിയെ വില്പനയ്ക്ക് വച്ചത്.
നിലവിൽ മണിപ്പാൽ ഹോസ്പിറ്റൽസ് ഉടമ രാജൻ പൈ നയിക്കുന്ന സംഘവും സ്വീഡിഷ് സ്ഥാപനമായ ഇക്യൂടിയുമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെ സ്വന്തമാക്കാൻ മുന്നിൽ നിൽക്കുന്നത്. ഇരുകൂട്ടരും ലേലത്തിനുള്ള താല്പര്യം രേഖാമൂലം അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഒരുഘട്ടത്തിൽ ടീമിനെ വാങ്ങാൻ അതീവ താല്പര്യം കാട്ടിയ ശതകോടിശ്വരൻ ആധാർ പൂനാവാലയും, മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസർ കുടുംബവും അവസാന നിമിഷം പിൻവാങ്ങി. നിലവിൽ ഐപിഎല്ലിലെ പുരുഷ-വനിതാ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരു ലോകത്തിലെ തന്നെ ഏറ്റവും ആരാധകരുള്ള ക്രിക്കറ്റ് ഫ്രാൻഞ്ചൈസികളിൽ ഒന്നാണ്. കളിക്കളത്തിൽ ലഭിക്കുന്ന പിന്തുണ കൂടാതെ ദശലക്ഷക്കണക്കിന് ആരാധകരാണ് ടീമിനെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്.