വിജയ്‌യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സൂപ്പർതാരം വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെയും മത്സര രംഗത്തുണ്ട്. വിജയ് പെരമ്പൂരിൽ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതിന് പിന്നാലെ മാറ്റ് ചില വിവാദങ്ങൾ പുകയുന്നുണ്ട് ഇപ്പോൾ. വിജയ്‌യെ ജയിപ്പിക്കാൻ എൻഡിഎ അഥവാ ബിജെപി ശ്രമിക്കുന്നുവെന്നും അതിനായി മണ്ഡലത്തിൽ സ്വാധീനമില്ലാത്ത കക്ഷിക്ക് ഇവിടെ സീറ്റ് നൽകിയെന്നുമുള്ള ആരോപണം ശക്തമാവുകയാണ്.
ഒ റ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിനായുള്ള എൻഡിഎയുടെ സീറ്റ് പങ്കിടൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഖ്യത്തിന്റെ നേതൃസ്ഥാനത്തുള്ള എഐഎഡിഎംകെയും ബിജെപിയും വിജയിയുമായി ഒരു നേരിട്ടുള്ള പോരാട്ടത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നു എന്ന സൂചന ലഭിക്കുന്നത്. പുതിയ സീറ്റ് പങ്കിടൽ ഫോർമുല അനുസരിച്ച്, ബിജെപി 27 മണ്ഡലങ്ങളിലും, പട്ടാളി മക്കൾ കച്ചി (പിഎംകെ) 18 മണ്ഡലങ്ങളിലും, അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) 11 മണ്ഡലങ്ങളിലും മത്സരിക്കും.
മറ്റ് ചെറിയ സഖ്യകക്ഷികൾക്ക് ശേഷിക്കുന്ന സീറ്റുകൾ നൽകും. സഖ്യത്തിന്റെ തലവനായ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി, തന്റെ പാർട്ടി ബാക്കിയുള്ള 169 സീറ്റുകളിൽ നേരിട്ട് മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ പേരമ്പൂർ മണ്ഡലത്തിൽ നിന്ന് വിജയ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
എന്നാൽ ഈ മണ്ഡലത്തിൽ എഐഎഡിഎംകെ നേരിട്ട് മത്സരിക്കാതെ, സഖ്യകക്ഷിയായ പിഎംകെക്ക് സീറ്റ് വിട്ടുകൊടുത്തു.
വടക്കൻ ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ കൊളത്തൂർ നിയമസഭാ മണ്ഡലത്തോട് ചേർന്നുള്ള, പരമ്പരാഗതമായി ഡിഎംകെക്ക് സ്വാധീനമുള്ള പേരമ്പൂർ മണ്ഡലത്തിൽ വിജയ്‌യെ ജയിപ്പിക്കാൻ എൻഡിഎ സഖ്യം രഹസ്യമായി സഹായിക്കുന്നു എന്ന ആരോപണത്തിനാണ് ഇതോടെ കളമൊരുങ്ങിയിരിക്കുന്നത്.
ഇത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
നേരത്തെ തന്നെ വിജയ്‌യെ എൻഡിഎ പാളയത്തിൽ എത്തിക്കാൻ ശ്രമങ്ങൾ നടന്നിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനായി ഉപമുഖ്യമന്ത്രി പദവും 80 സീറ്റുകളും വാഗ്‌ദാനം ചെയ്തെങ്കിലും നടൻ താൽപര്യം കാട്ടിയിരുന്നില്ല. ഈ ചർച്ചകൾക്ക് ചുക്കാൻ പിടിച്ചതാകട്ടെ ബിജെപി ആയിരുന്നു. നിലവിൽ പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പിന് ശേഷം വിജയ്‌യെ ആവശ്യം വന്നേക്കുമെന്ന് ചില അഭിപ്രായ പ്രകടങ്ങൾ ഉയരുന്നുണ്ട്.