അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ
ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഗവർണറും ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാനുമായ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ-താനിയുമായി കൂടിക്കാഴ്ച നടത്തി അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സാഗർ അദാനി. ഞായറാഴ്ച ആയിരുന്നു കൂടിക്കാഴ്ച.
ആഗോള ധനകാര്യ, നിക്ഷേപ മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെ കുറിച്ച് യോഗത്തിൽ ഇരുവരും ചർച്ച ചെയ്തു
അതേസമയം തങ്ങൾക്കെതിരായ തട്ടിപ്പ് കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഗൗതം അദാനിയും സാഗർ അദാനിയും നൽകിയ അപേക്ഷ അമേരിക്കയിലെ ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതി ഫയലിൽ സ്വീകരിച്ചു. 2021-ൽ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് നടത്തിയ 750 മില്യൺ ഡോളർ ബോണ്ട് വിൽപ്പനയുമായി ബന്ധപ്പെട്ടായിരുന്നു കേസ്. വിൽപ്പനയുടെ വേളയിൽ അദാനിയുടെ മറ്റൊരു കമ്പനിക്കെതിരെ ഇന്ത്യയിൽ നിലവിൽ ഉള്ള ഒരു കൈക്കൂലി കേസ് മറച്ചുവെച്ചെന്ന ആരോപണത്തിന്മേലാണ് കേസ് ഫയൽ ചെയ്തത്.
കേസ് അമേരിക്കൻ നിയമപരിധിക്ക് പുറത്താണെന്നും, ആരോപണങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നും ഇരുവരും വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. നടപടികളുമായി മുന്നോട്ട് പോകുന്നതിനു മുൻപ് ഒരു പ്രാഥമിക കൂടിക്കാഴ്ച (പ്രീ-മോഷൻ കോൺഫറൻസ്) നടത്തണമെന്നുള്ള പ്രതിഭാഗത്തിന്റെ അപേക്ഷയും കോടതി അംഗീകരിച്ചു. പ്രീ-മോഷൻ കോൺഫറൻസ് ഷെഡ്യൂൾ ചെയ്യുന്നതിന് കക്ഷികളോട് സമ്മതം ചോദിക്കാനും കോടതി ഡെപ്യൂട്ടിയെ ബന്ധപ്പെടാനും കോടതി നിർദേശിച്ചിട്ടുണ്ട്