നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മാനേജ്മെന്റിനും പൂർണ്ണ ഉത്തരവാദിത്തമുണ്ടെന്ന് വി ശിവൻകുട്ടി
അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആരോപണത്തിന് വിധേയമായ അധ്യാപകരെതിരെ ഏറെ നാളുകളായി പരാതികൾ നിലനിന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ അധ്യാപകരെ മാത്രമല്ല, സ്ഥാപന മാനേജ്മെന്റിനും പൂർണ്ണ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ പരിശോധിച്ച് കുറ്റക്കാരായ അധ്യാപകരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ഇന്റേണൽ മാർക്ക് നൽകുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണെന്നും, നിലവിലെ മാർക്ക് സംവിധാനത്തിൽ കുട്ടികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാകുന്ന സാഹചര്യത്തിൽ അതിനെ പുനർവിചാരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹം മടങ്ങിയെത്തിയ ഉടൻ വിഷയത്തിൽ കൂടിക്കാഴ്ചയ്ക്കായി സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർത്ഥി സംഘടനകൾ ശക്തമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങൾ സാധാരണയായി ഉണ്ടാകുന്നില്ലെന്നും, സംഘടനാ പ്രവർത്തനങ്ങൾ നിഷേധിക്കുന്ന ഇടങ്ങളിലാണ് നിയന്ത്രണങ്ങൾ നഷ്ടപ്പെടുന്ന പ്രവണത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ മാനേജ്മെന്റ് പ്രതികരിക്കാത്തത് ഏറെ ഗൗരവതരമാണെന്നും, അവരുടെ ഭാഗത്ത് നിന്നുണ്ടായ നടപടി മനുഷ്യത്വമില്ലാത്തതാണെന്നും മന്ത്രി വിമർശിച്ചു.