പാലക്കാട് കോൺഗ്രസ് നഗരസഭ കൗൺസിലർക്കെതിരായ പീഡന പരാതി; പ്രതി പ്രശോഭിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
പാലക്കാട്ടെ കോൺഗ്രസ് നഗരസഭ കൗൺസിലർക്കെതിരായ പീഡനക്കേസിൽ പ്രതിയായ പ്രശോഭിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് എസ് – എസ് ടി കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അതിജീവിത കഴിഞ്ഞ ദിവസം നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. അടച്ചിട്ട കോടതി മുറിയിൽ അതിജീവിതയോട് ജഡ്ജി വിവരങ്ങൾ ആരാഞ്ഞിരുന്നു. ഇന്നലെ ഇവരുടെ വൈദ്യ പരിശോധന റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് മണ്ണാർക്കാട് എസ് സി എസ് ടി കോടതി ജഡ്ജി ജോമോൻ ജോൺ പ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്.
ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്. കാറിൽ വെച്ചും വീട്ടിൽ വെച്ചും പീഡനത്തിനിരയാക്കിയെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു. പീഡനത്തിന് പുറമേ പട്ടികജാതി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ വകുപ്പും ചുമത്തിയിരുന്നു. സംഭവത്തിനു ശേഷം പ്രശോഭ് ഒളിവിലാണ്.