ജി. സുധാകരനും യു പ്രതിഭയും കെ കെ രമയും സുരേഷ് കുറുപ്പും മുതല്‍ ഐ എം വിജയന്‍ വരെ തനിക്കൊപ്പം; പി.വി.അന്‍വര്‍ മമതയ്ക്ക് അയച്ച കത്ത് പുറത്ത്; തൃണമൂലിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി കേരളം
കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ പി.വി.അന്‍വറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാര്‍ട്ടി സംസ്ഥാന നേതൃത്വം രംഗത്തെത്തി. അന്‍വര്‍ രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണെന്നും വെറും അധികാരമോഹിയാണെന്നും തൃണമൂല്‍ സംസ്ഥാന സെക്രട്ടറി വി. ശിവദാസ് തുറന്നടിച്ചു. അന്‍വര്‍ മമത ബാനര്‍ജിക്ക് അയച്ചതെന്ന് പറയപ്പെടുന്ന രഹസ്യ കത്ത് പുറത്തുവിട്ടുകൊണ്ടാണ് തൃണമൂല്‍ തിരിച്ചടിച്ചത്. മമത ബാനര്‍ജിയെ കാണാന്‍ അനുമതി തേടി അന്‍വര്‍ നല്‍കിയ കത്തില്‍ കേരളത്തിലെ വമ്പന്‍ സ്രാവുകള്‍ തന്റെ കൂടെയുണ്ടെന്നായിരുന്നു അവകാശവാദം. കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പേരുകള്‍ രാഷ്ട്രീയ കേരളത്തെ അത്ഭുതപ്പെടുത്തുന്നതാണ്
ഇടതുപക്ഷ നിരയില്‍ നിന്ന് ജി. സുധാകരന്‍, യു. പ്രതിഭ, സി. ദിവാകരന്‍, എസ്. രാജേന്ദ്രന്‍, സുരേഷ് കുറുപ്പ് എന്നിവര്‍ തനിക്കൊപ്പമുണ്ടാകും. കെ.കെ. രമ, തോമസ് കെ. തോമസ്, കാരാട്ട് റസാഖ്, സി.കെ. പത്മനാഭന്‍, പി.സി. തോമസ്, ഷിബു ബേബി ജോണ്‍ എന്നിവരും കൈകോര്‍ക്കും. ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍, ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ വരെ അന്‍വറിന്റെ ലിസ്റ്റില്‍ ഇടംപിടിച്ചു.
എന്നാല്‍, തൃണമൂല്‍ നേതൃത്വം ഈ നേതാക്കളുമായി ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ അറിഞ്ഞിട്ടുപോലുമില്ലാത്ത കാര്യമാണിതെന്ന് അവര്‍ വെളിപ്പെടുത്തിയതായി ശിവദാസന്‍ പറഞ്ഞു. അന്‍വര്‍ സ്വന്തം നിലയ്ക്ക് എഴുതിക്കൂട്ടിയ കള്ളക്കഥയാണിതെന്ന് തൃണമൂല്‍ ആരോപിക്കുന്നു.
‘അന്‍വര്‍ ഇന്ന് പറയുന്നതല്ല നാളെ പറയുക. ഏത് പാര്‍ട്ടിയില്‍ ചേര്‍ന്നാലും അദ്ദേഹം അത് നശിപ്പിക്കും,’ വി. ശിവദാസന്‍ പരിഹസിച്ചു. അധികാരമോഹിയാണ് അന്‍വറെന്നും രാഷ്ട്രീയ സ്ഥിരതയില്ലാത്തതിനാല്‍ ഇനി ഒരു തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിക്കില്ലെന്നും തൃണമൂല്‍ പ്രവചിക്കുന്നു. ബേപ്പൂര്‍ മത്സരത്തില്‍ ദേശീയ നേതാക്കളെ അയക്കാത്തതും കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ വിസമ്മതിച്ചതുമാണ് തൃണമൂലുമായി അകലാന്‍ അന്‍വറിനെ പ്രേരിപ്പിച്ചത്.
തൃണമൂല്‍ ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച അന്‍വര്‍, മെയ് പകുതിയോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ മതേതര, ജനാധിപത്യ മൂല്യങ്ങളോട് യോജിക്കുന്ന പാര്‍ട്ടിയായിരിക്കും. ഫാസിസത്തെയും ‘പിണറായിസത്തെയും’ ഒരുപോലെ എതിര്‍ക്കുന്ന സംസ്ഥാന പാര്‍ട്ടിയായിരിക്കും. ഒന്നര വര്‍ഷമായി തൃണമൂലിനായി പഞ്ചായത്ത് തലത്തില്‍ വരെ ഉണ്ടാക്കിയ കമ്മിറ്റികളെ പുതിയ പാര്‍ട്ടിയിലേക്ക് മാറ്റാനാണ് അന്‍വറിന്റെ നീക്കം. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം പറഞ്ഞ് തന്നെ തഴഞ്ഞ തൃണമൂലിന് കേരളത്തില്‍ മറുപടി നല്‍കുമെന്ന വാശിയിലാണ് അന്‍വര്‍.