Select Location
All Locations
State
Region
City / District
യുക്രെയ്ൻ യുദ്ധം അവസാനത്തിലേക്ക്! സെലെൻസ്‌കിയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് പുടിൻ

യുക്രെയ്ൻ യുദ്ധം അവസാനത്തിലേക്ക്! സെലെൻസ്‌കിയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് പുടിൻ

സമാധാന ഉടമ്പടിയുടെ കരട് തയ്യാറാകണമെന്നും പ്രസിഡന്റുമാർ തമ്മിലുള്ള കൂടിക്കാഴ്ച കരാറിൽ ഒപ്പിടുന്ന അവസാന ഘട്ടമായിരിക്കണമെന്നും പുടിൻ വ്യക്തമാക്കി

മോസ്കോ: യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഒരു ഘട്ടത്തിലാണെന്നും കാര്യങ്ങൾ ശുഭകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണെന്നും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ശനിയാഴ്ച ക്രെംലിനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന മൂന്ന് ദിവസത്തെ വെടിനിർത്തലിനിടയിലാണ് പുടിന്റെ പ്രതികരണം. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി നേരിട്ട് ചർച്ച നടത്താൻ താൻ തയ്യാറാണെന്ന് പുടിൻ ആവർത്തിച്ചു. എന്നാൽ, ഇതിനായി റഷ്യ ഒരു നിബന്ധന മുന്നോട്ടുവെച്ചിട്ടുണ്ട്. 

ചർച്ചയ്ക്ക് മുൻപ് തന്നെ സമാധാന ഉടമ്പടിയുടെ കരട് തയ്യാറാകണമെന്നും പ്രസിഡന്റുമാർ തമ്മിലുള്ള കൂടിക്കാഴ്ച കരാറിൽ ഒപ്പിടുന്ന അവസാന ഘട്ടമായിരിക്കണമെന്നും പുടിൻ വ്യക്തമാക്കി. 'മൂന്നാം ലോകരാജ്യങ്ങളിൽ വെച്ച് കൂടിക്കാഴ്ചയാകാം, പക്ഷേ സമാധാന ഉടമ്പടിയിൽ അന്തിമ തീരുമാനമായെങ്കിൽ മാത്രമേ അതിന് പ്രസക്തിയുള്ളൂ,' അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ വെടിനിർത്തൽ നീക്കത്തിന്റെ ഭാഗമായി ആയിരം തടവുകാരെ വീതം ഇരുഭാഗത്തുനിന്നും കൈമാറാൻ പദ്ധതിയുണ്ട്. ഇതിനായുള്ള വിവരങ്ങൾ റഷ്യ കൈമാറിയെന്നും യുക്രെയ്നിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും പുടിൻ പറഞ്ഞു. മെയ് 11-ന് വെടിനിർത്തൽ അവസാനിക്കുന്നതിന് മുൻപ് തന്നെ ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കാൻ അദ്ദേഹം യുക്രെയ്നോട് ആവശ്യപ്പെട്ടു.

ഇത്തവണത്തെ വിജയദിന പരേഡ് മുൻവർഷങ്ങളെ അപേക്ഷിച്ച് ലളിതമായിരുന്നു. വമ്പൻ മിസൈലുകൾക്കും ടാങ്കുകൾക്കും പകരം സൈനിക ശേഷി വിളിച്ചോതുന്ന വീഡിയോ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്. യുദ്ധക്കളത്തിലെ സൈനികരെ അഭിസംബോധന ചെയ്തപ്പോൾ കടുത്ത നിലപാടുകൾ സ്വീകരിച്ചെങ്കിലും, പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സമാധാന ചർച്ചകൾക്ക് മുൻഗണന നൽകുന്ന മൃദുവായ സമീപനമാണ് പുടിൻ സ്വീകരിച്ചത്.


News18Kerala 1 hour ago
Home Flash News