ഇന്ത്യയ്ക്കെതിരെ ഭീഷണി; പ്രകോപനം ഉണ്ടായാൽ വേദനാജനകമായ തിരിച്ചടി നൽകുമെന്ന് പാക് സൈനിക മേധാവി
ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്ഥാന് മേൽ കനത്ത പ്രഹരം നൽകി ഒരു വർഷം തികയുമ്പോഴാണ് വീണ്ടും ഭീഷണി ഉയരുന്നത്
ഇന്ത്യയ്ക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീർ. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ വേദനാജനകമായ തിരിച്ചടി നൽകുമെന്നാണ് ഭീഷണി. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്ഥാന് മേൽ കനത്ത പ്രഹരം നൽകി ഒരു വർഷം തികയുമ്പോഴാണ് വീണ്ടും ഭീഷണി ഉയരുന്നത്. News18 News18 ഞായറാഴ്ച റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുനീർ ഈ പരാമർശങ്ങൾ നടത്തിയത്. പാകിസ്താനെതിരെ ഏതെങ്കിലും തരത്തിലുള്ള "സാഹസികതയ്ക്ക്" മുതിർന്നാൽ അതിന്റെ ആഘാതം ശത്രുവിന് അങ്ങേയറ്റം വ്യാപകവും അപകടകരവും ദൂരവ്യാപകവും വേദനാജനകവുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു, നേവൽ ചീഫ് അഡ്മിറൽ നവീദ് അഷ്‌റഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തതായി പാക് പത്രമായ 'ഡോൺ' റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാന്റെ പരമാധികാരത്തെ പരീക്ഷിക്കാനുള്ള പരാജയപ്പെട്ട ശ്രമമാണ് സമീപകാല സംഘർഷങ്ങളിൽ ഉണ്ടായതെന്നും അതിനെ ദേശീയ ഐക്യത്തോടും സൈനിക ശക്തിയോടും കൂടി നേരിട്ടതായും മുനീർ അവകാശപ്പെട്ടു. മെയ് 6-7, മെയ് 10 തീയതികളിൽ പാകിസ്താന്റെ പരമാധികാരവും ഭൂപ്രദേശവും ലംഘിച്ച് ശത്രു നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പോരാട്ടത്തെ കേവലം രണ്ട് രാജ്യങ്ങൾ അല്ലെങ്കിൽ സൈന്യങ്ങൾ തമ്മിലുള്ള പരമ്പരാഗത യുദ്ധമായല്ല, മറിച്ച് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള നിർണ്ണായകമായ 'മാർക്ക' (യുദ്ധം) ആയാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇതിൽ സത്യം വിജയിക്കുകയും അസത്യം പരാജയപ്പെടുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. 2001, 2008, 2016, 2019 വർഷങ്ങളിൽ ഇന്ത്യ "ഫോൾസ് ഫ്ലാഗ് ഓപ്പറേഷനുകൾ" നടത്തിയതായും മുനീർ ആരോപിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെയും അതിശയോക്തിയിലൂടെയും യുദ്ധക്കൊതിയിലൂടെയും ആക്രമണത്തെ ന്യായീകരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലുണ്ടാകുന്ന ഏതൊരു സംഘർഷവും അതിന്റെ വ്യാപ്തിയിൽ മാത്രം ഒതുങ്ങിനിൽക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.