Select Location
All Locations
State
Region
City / District
ഒരൊറ്റ രാത്രികൊണ്ട് അത് സംഭവിക്കാം! ഇനിയും ആക്രമിച്ചാൽ ആ ‘കടുംകൈ’ ചെയ്യുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; നേരിടുമെന്ന് ട്രംപും

ഒരൊറ്റ രാത്രികൊണ്ട് അത് സംഭവിക്കാം! ഇനിയും ആക്രമിച്ചാൽ ആ ‘കടുംകൈ’ ചെയ്യുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; നേരിടുമെന്ന് ട്രംപും

മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, അമേരിക്കയോ ഇസ്രയേലോ വീണ്ടും സൈനിക നീക്കം നടത്തിയാൽ യുറേനിയം സംപുഷ്ടീകരണം 90 ശതമാനത്തിലേക്ക് ഉയർത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ആണവായുധ നിർമാണത്തിന് ആവശ്യമായ നിലവാരത്തിലുള്ള സംപുഷ്ടീകരണത്തിലേക്ക് നീങ്ങുമെന്ന ഇറാന്റെ പ്രഖ്യാപനം രാജ്യാന്തര തലത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ പുതിയ സൈനിക നടപടിക്ക് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം.

90 ശതമാനത്തിലേക്ക് ഒരു ചെറിയ ചുവടുമാത്രം ഇറാന്റെ നിലവിലെ യുറേനിയം ശേഖരത്തെക്കുറിച്ച് യുണൈറ്റഡ് നേഷൻസ് ആണവ നിരീക്ഷണ ഏജൻസി (ഐഎഇഎ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 440.9 കിലോഗ്രാം (972 പൗണ്ട്) യുറേനിയം നിലവിൽ 60 ശതമാനം പരിശുദ്ധിയിൽ സംപുഷ്ടീകരിച്ചിട്ടുണ്ട്. സാങ്കേതികമായി പറഞ്ഞാൽ, 60 ശതമാനത്തിൽ നിന്ന് ആണവായുധ ഗ്രേഡായ 90 ശതമാനത്തിലേക്ക് എത്തുക എന്നത് വളരെ ചെറിയൊരു ഘട്ടം മാത്രമാണ്.

‘മറ്റൊരു ആക്രമണം ഉണ്ടായാൽ ഇറാന്റെ മുന്നിലുള്ള പ്രധാന പോംവഴികളിലൊന്ന് 90 ശതമാനം സംപുഷ്ടീകരണമാണ്,’ ഇറാന്റെ പാർലമെന്ററി കമ്മിഷൻ വക്താവ് ഇബ്രാഹിം റെസായി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇക്കാര്യം പാർലമെന്റിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ ‘ന്യൂക്ലിയർ ഡസ്റ്റ്’ ആശങ്ക ഇറാന്റെ സംപുഷ്ടീകരിച്ച യുറേനിയത്തെ ‘ന്യൂക്ലിയർ ഡസ്റ്റ്’ എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. 70 ദിവസത്തിലേറെയായി നീണ്ടുനിൽക്കുന്ന ഇറാൻ ഭരണകൂടത്തിനെതിരായ തന്റെ സൈനിക നീക്കത്തിന് പ്രധാന കാരണമായി ട്രംപ് ചൂണ്ടിക്കാട്ടുന്നത് ഇറാന്റെ ആണവ മോഹങ്ങളെയാണ്.

ഇറാനെ ഒരു തരത്തിലും ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു. ‘ഞങ്ങൾ ഇറാന്റെ ശേഖരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആരെങ്കിലും ആ കേന്ദ്രങ്ങളിലേക്ക് അടുക്കുന്നത് കണ്ടാൽ ഞങ്ങൾ അവരെ ബോംബിട്ടു തകർക്കും,’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിൽ മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന വെടിനിർത്തൽ ചർച്ചകൾ ‘ലൈഫ് സപ്പോർട്ടിലാണെന്നും’ ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഇറാന്റെ ഏറ്റവും പുതിയ നിർദേശം വാഷിങ്ടൻ തള്ളുകയും ചെയ്തു. യുറേനിയം ശേഖരത്തിന്റെ ഒരു ഭാഗം നേർപ്പിക്കാമെന്നും ബാക്കി താൽക്കാലികമായി ഒരു മൂന്നാം രാജ്യത്തേക്ക് മാറ്റാമെന്നുമായിരുന്നു ഇറാന്റെ വാഗ്ദാനം. എന്നാൽ ഇത് അംഗീകരിക്കാൻ അമേരിക്ക തയാറായില്ല.


Manorama News 49 minutes ago
Home Flash News