യുവാവിനെ കുടുക്കാൻ പോലീസിന്റെ കള്ളക്കഥ; അപകടം ശാസ്ത്രീയമായി അന്വേഷിച്ച് രക്ഷകരായി എം വി ഡി
തന്റെ ജീവിതമാർഗമായ ഡ്രൈവിങ് ലൈസൻസ് അന്യായമായി നഷ്ടപ്പെടുമായിരുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടൽ യുവാവിന് തുണയായത്
കൊച്ചി: റോഡപകടത്തിന്റെ പേരിൽ കളമശ്ശേരി പോലീസ് കെട്ടിച്ചമച്ച എഫ്.ഐ.ആർ ശാസ്ത്രീയ അന്വേഷണത്തിലൂടെ തിരുത്തി മോട്ടോർ വാഹന വകുപ്പ്. അമിതവേഗക്കാരനെന്ന് മുദ്രകുത്തി ലൈസൻസ് റദ്ദാക്കാൻ പോലീസ് ശുപാർശ ചെയ്ത ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ യുവാവ് നിരപരാധിയാണെന്നാണ് എം.വി.ഡി കണ്ടെത്തിയിരിക്കുന്നത്. ഇതോടെ യുവാവിനെതിരെയുള്ള സസ്‌പെൻഷൻ നടപടികൾ റദ്ദാക്കി കസ്റ്റഡിയിലെടുത്ത ലൈസൻസ് തിരികെ നൽകി. ആഴ്ചകൾക്ക് മുൻപ് പത്തടിപ്പാലത്തിന് സമീപമായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. ഓൺലൈൻ ഡെലിവറി നടത്തുന്ന യുവാവിന്റെ ബൈക്ക് അമിതവേഗത്തിൽ വന്ന് എതിർദിശയിൽ സഞ്ചരിച്ച സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ടു എന്നായിരുന്നു പോലീസ് രേഖപ്പെടുത്തിയ എഫ്.ഐ.ആർ. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന്റെ കാലിന് ഒടിവ് സംഭവിക്കുകയും ചെയ്തതോടെ യുവാവിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. യുവാവിനെ പൂർണ്ണമായും കുറ്റക്കാരനായി ചിത്രീകരിച്ച കളമശ്ശേരി പോലീസ്, ഇയാളുടെ ലൈസൻസ് പിടിച്ചെടുക്കുകയും അത് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, ലൈസൻസ് റദ്ദാക്കുന്നതിന് മുൻപായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ പോലീസിന്റെ വാദങ്ങൾ പാടെ പൊളിഞ്ഞു. അപകടം നടന്ന രീതിയെക്കുറിച്ച് എം.വി.ഡി ഉദ്യോഗസ്ഥർ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ യുവാവ് അമിതവേഗത്തിലല്ലായിരുന്നുവെന്നും, പോലീസ് റിപ്പോർട്ടിൽ പറയുന്നതുപോലെ തെറ്റായ രീതിയിലല്ല വാഹനം ഓടിച്ചതെന്നും വ്യക്തമായി. യുവാവിന്റെ ഭാഗത്ത് തെറ്റില്ലെന്ന് ഉറപ്പായതോടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള പോലീസ് ശുപാർശ എം.വി.ഡി തള്ളുകയായിരുന്നു.
തന്റെ ജീവിതമാർഗമായ ഡ്രൈവിങ് ലൈസൻസ് അന്യായമായി നഷ്ടപ്പെടുമായിരുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടൽ യുവാവിന് തുണയായത്.