നെതന്യാഹു യുഎഇ പ്രസിഡന്റുമായി 'രഹസ്യ കൂടിക്കാഴ്ച' നടത്തിയിട്ടില്ല; ഇസ്രായേലിന്റെ അവകാശവാദം യുഎഇ തള്ളി
നെതന്യാഹുവിന്റെ ഓഫീസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് യുഎഇ വ്യക്തമാക്കി.
അബുദാബി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇയിൽ രഹസ്യ സന്ദർശനം നടത്തിയെന്ന വാർത്തകൾ ഔദ്യോഗികമായി നിഷേധിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. നെതന്യാഹുവിന്റെ ഓഫീസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് യുഎഇ വാർത്താ ഏജൻസിയായ വാം വ്യക്തമാക്കി. News18 News18 ഇസ്രായേലുമായുള്ള യുഎഇയുടെ ബന്ധം പരസ്യമാണെന്നും അത് എബ്രഹാം ഉടമ്പടിയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുള്ളതാണെന്നും യുഎഇ പ്രസ്താവനയിൽ പറഞ്ഞു. രഹസ്യമായ നീക്കങ്ങളിലോ അവിശ്വസനീയമായ ഒത്തുതീർപ്പുകളിലോ ഈ ബന്ധം അധിഷ്ഠിതമല്ല. യുഎഇയിലെ ഔദ്യോഗിക അധികാരികൾ സ്ഥിരീകരിക്കാത്ത ഇത്തരം അവകാശവാദങ്ങൾ വാസ്തവവിരുദ്ധമാണെന്നും യുഎഇ വ്യക്തമാക്കി. ബുധനാഴ്ചയാണ് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കിയത്. ഓപ്പറേഷൻ റോറിംഗ് ലയൺ നടന്നുകൊണ്ടിരിക്കെ നെതന്യാഹു യുഎഇ പ്രസിഡന്റിനെ സന്ദർശിച്ചുവെന്നും ഇതൊരു ചരിത്രപരമായ വഴിത്തിരിവാണെന്നുമായിരുന്നു അവകാശവാദം. എന്നാൽ സന്ദർശനം നടന്ന കൃത്യമായ തീയതി ഇസ്രായേൽ വെളിപ്പെടുത്തിയിരുന്നില്ല.
ഇസ്രായേലിന്റെ അവകാശവാദത്തിന് പിന്നാലെ ഇസ്രായേലിലെ യുഎസ് സ്ഥാനപതി മൈക്ക് ഹക്കബിയും ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇറാാൻ സംഘർഷത്തിനിടെ ഇസ്രായേൽ തങ്ങളുടെ അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനങ്ങളും സൈനികരെയും യുഎഇയിൽ വിന്യസിച്ചിട്ടുണ്ടെന്നായിരുന്നു ഹക്കബിയുടെ പരാമർശം. ടെൽ അവീവിൽ നടന്ന ഒരു ചടങ്ങിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.