Select Location
All Locations
State
Region
City / District
LIVE
മണിക്കൂറിൽ 600 ചപ്പാത്തി! പച്ചക്കറി അരിയുന്ന യന്ത്രങ്ങൾ മുതൽ ഫുഡ് ട്രക്കുകൾ വരെ; വിസ്മയമായി 'ഫുഡ് & ബേക്ക്, ടെക് എക്സ്പോ

മണിക്കൂറിൽ 600 ചപ്പാത്തി! പച്ചക്കറി അരിയുന്ന യന്ത്രങ്ങൾ മുതൽ ഫുഡ് ട്രക്കുകൾ വരെ; വിസ്മയമായി 'ഫുഡ് & ബേക്ക്, ടെക് എക്സ്പോ

കൊച്ചി ∙ ‘ഗ്യാസ് വേണ്ട, വിറക് വേണ്ട, കരി ഇല്ല, പുക ഇല്ല, മണമില്ല..’, പാചകവാതക പ്രതിസന്ധിയുടെ കാലത്ത് പിന്നെ എന്തുവച്ചു തീ കത്തിക്കും? കരി ഓയിലോ ഡീസലോ മുതൽ പാമോയിൽ വരെ ഒഴിച്ച് കത്തിക്കാവുന്ന അടുപ്പുകൾ മുതൽ അറക്കപ്പൊടിയും കാപ്പിക്കുരുവിന്റെ തൊണ്ടും കുളവാഴയും പായലുമൊക്കെ ചേർത്ത ബ്രിക്കറ്റും ഇതിനകം പ്രശസ്തമായ റോക്കറ്റ് സ്റ്റൗവും അടക്കം വിശാലമായ ‘ബദൽ അടുപ്പു’കളാണ് ഇത്തവണ മനോരമ ക്വിക്ക് കേരള ‘ഫുഡ് & ബേക്ക് ടെക് എക്സ്പോ’യിലെ ശ്രദ്ധേയമായ ഇനങ്ങളിലൊന്ന്. ഭക്ഷണ ബിസിനസ് മേഖലയിലേക്ക് കടക്കാൻ ആലോചിക്കുന്നവരും ഭക്ഷണ നിർമാണ, സംസ്കരണ മേഖലയില്‍ നിലവിൽ പ്രവർത്തിക്കുന്നവരും നിർബന്ധമായി സന്ദർശിക്കേണ്ട ഒന്നാണ് ഇന്ന് ആരംഭിച്ച എക്സ്പോ.

ഹോട്ടല്‍, കാറ്ററിങ്, ബേക്കറി തുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട് എന്തു പുതിയ സംരംഭം തുടങ്ങാനും ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ലഭിക്കുന്നതിനൊപ്പം അതിനു വേണ്ട ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതുമാണ് എക്സ്പോ. ‘കുറഞ്ഞ സ്ഥലത്ത് അവിടെ കൊള്ളാവുന്ന വിധത്തിൽ സാധനങ്ങൾ വാങ്ങാന്‍ പറ്റും. ബിസിനസ് ചെയ്യുന്നവർക്ക് നല്ല സഹായമാണ്’, കുടുംബത്തോടൊപ്പം എത്തിയ റംലത്ത് എക്സ്പോയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. അടുക്കളയിലെ ജോലികൾ ആയാസരഹിതമാക്കുന്നതിനൊപ്പം വേഗത്തിലും ലാഭത്തിലും ഉൽപ്പനങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഉപകരണങ്ങള്‍ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവയെല്ലാം തന്നെ എക്സ്പോയില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ഇതിന്റെ നിർമാതാക്കൾ തന്നെ അവയുടെ സവിശേഷതകള്‍ വിവരിക്കുകയും ചെയ്യുന്നു. സാധാരണ പുറത്ത് വാങ്ങിക്കുന്നതിലും വിലക്കുറവിൽ എക്സ്പോയിൽ ഉപകരണങ്ങൾ ലഭിക്കും എന്നതും ആകർഷകമാണ്.

വെളുത്തുള്ളി ഒഴികെ സബോളയും കിഴങ്ങും കപ്പയും ഒട്ടുമിക്ക പച്ചക്കറികളുടേയുമെല്ലാം തൊലി കളയുകയും വിവിധ വലിപ്പങ്ങളിൽ അരിഞ്ഞു തരികയും ചെയ്യുന്ന യന്ത്രങ്ങൾ ആലോചിച്ചു നോക്കൂ. ഇത്തരത്തിൽ ഒരു മണിക്കൂറിൽ 400 കിലോഗ്രാം പച്ചക്കറി വരെ തൊലി കളഞ്ഞ് അരിയുന്ന യന്ത്രങ്ങൾ എക്സ്പോയിലുണ്ട്. വിവിധ പൊടിത്തരങ്ങൾ കൂറ്റൻ മില്ലുകളിൽ പൊടിക്കുന്ന യന്ത്രങ്ങൾ മുതൽ 10 കിലോഗ്രാം വരെ പൊടിക്കാവുന്ന ചെറിയ മില്ലുകളും വിവിധ രൂപത്തിലുള്ള പാക്കേജിങ് സംവിധാനങ്ങളുമെല്ലാം എക്സ്പോ പരിചയപ്പെടുത്തുന്നു. മണിക്കൂറിൽ 600 ചപ്പാത്തി ചുട്ടെടുക്കാവുന്ന യന്ത്രത്തിന് 2.65 ലക്ഷം രൂപ വിലയാകും. മാവ് കുഴയ്ക്കുന്നതും മറ്റുള്ള ഉപകരണങ്ങളുെമല്ലാം ചേര്‍ത്താൽ 4.5 ലക്ഷത്തിന് ചൂടൻ ചപ്പാത്തി യന്ത്രം റെഡി. കാറ്ററിങ് സർവീസുകാർക്കും മറ്റും ഇത് വലിയ തോതിൽ സഹായകമാകുമ്പോൾ വീടുകളിലെയും ഹോട്ടലുകളിലെയും ആവശ്യത്തിനുള്ള ചപ്പാത്തിമേക്കറും എക്സ്പോയിലെ ആകർഷണമാണ്. മാവ് കുഴച്ച് ചപ്പാത്തി മേക്കറിലേക്ക് വച്ചുകൊടുത്താൽ തനിയെ പരത്തി ചൂടൻ ചപ്പാത്തി കിട്ടും.

154 സ്റ്റാളുകളിലായി ബേക്കറി, റെസ്റ്ററന്റ്, ഹോം ബേക്കിങ്, ഹോസ്പിറ്റാലിറ്റി മേഖലകളിലെ നൂതനമായ മാറ്റങ്ങളും സാങ്കേതികവിദ്യകളും യന്ത്രങ്ങളുമാണ് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ഇന്നു രാവിലെ ആരംഭിച്ച് ഞായറാഴ്ച അവസാനിക്കുന്ന എക്സ്പോയിൽ പ്രദർശിപ്പിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശനം. മുറുക്കും സമോസയും മോമോസും അച്ചപ്പവും കുഴലപ്പവും വടകളും നിർമ്മിക്കാനുള്ള അത്യാധുനിക ഓട്ടോമാറ്റിക് മെഷീനുകൾ, ഗ്യാസും വിറകും ഇല്ലാതെ പ്രവർത്തിക്കുന്ന ഇലക്ട്രിക് റോസ്‌റ്റർ, റോക്കറ്റ് അടുപ്പുകൾ, ഓയിൽ എക്സ്ട്രാക്ഷൻ മെഷീനുകൾ, കോൾഡ് സ്റ്റോറേജ് സൊല്യൂഷൻസ്, ബ്ലാസ്റ്റ് ഫ്രീസറുകൾ, വാക്ക്-ഇൻ കൂളേഴ്സ്, റൈപ്പനിങ് ചേമ്പറുകൾ, വലുതും ചെറുതുമായ പാക്കിങ് മെഷീനുകൾ എന്നിവയുൾപ്പെടെ ധാരാളം ഫുഡ് പ്രോസസിങ് മെഷീനറികളാണ് എക്സ്പോയിലുള്ളത്. സംരംഭകർക്ക് ആവശ്യമായ ബ്രാൻഡിങ്, ബില്ലിങ് സോഫ്റ്റ്‌വെയർ, ഫുഡ് ഫോട്ടോഗ്രാഫി, ബാങ്കിങ് & ലോൺ അസിസ്റ്റൻസ് തുടങ്ങിയ സേവനങ്ങളും എക്സ്പോയിൽ ലഭിക്കും. വിവിധ രീതിയിലുള്ള ഫുഡ് ട്രക്കുകൾ, ഫുഡ് കാർട്ട് തുടങ്ങിയവ ആവശ്യമുള്ളവർക്ക് ഇതിന്റെ മോഡലുകൾ സഹിതം എക്സ്പോയിൽ കാണുകയും ഓർഡർ ചെയ്യുകയും ചെയ്യാം. ഒട്ടുമിക്ക സാധനങ്ങള്‍ക്കും സബ്സിഡിയും ലഭ്യമാണ്.


Manorama News 2 hours ago
Home Flash News