യുക്രെയ്ൻ ഡ്രോൺ വിവാദം: സഖ്യകക്ഷികൾ പിന്മാറി, ലാത്വിയൻ പ്രധാനമന്ത്രി എവിക സിലിന രാജിവച്ചു
റീഗ∙ ലാത്വിയൻ രാഷ്ട്രീയത്തിൽ നാടകീയമായ വഴിത്തിരിവ്. യുക്രെയ്ൻ ഡ്രോണുകൾ അതിർത്തി കടന്നെത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് ലാത്വിയൻ പ്രധാനമന്ത്രി എവിക സിലിന രാജിവച്ചു. സഖ്യകക്ഷി പിന്തുണ പിൻവലിച്ചതോടെ സർക്കാർ ന്യൂനപക്ഷമായതിനെത്തുടർന്നാണ് തീരുമാനം. 'ഞാൻ രാജിവെക്കുന്നു, പക്ഷേ തോറ്റുപിന്മാറില്ല' എന്നാണ് എവിക സിലിന പറഞ്ഞത്. തന്റെ രാഷ്ട്രീയ എതിരാളികൾ രാജ്യ സുരക്ഷയെക്കാൾ കക്ഷി രാഷ്ട്രീയത്തിന് പ്രാധാന്യം നൽകിയതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും അവർ കുറ്റപ്പെടുത്തി.
ഡ്രോൺ വിവാദത്തിൽ തുടങ്ങിയ പ്രശ്നങ്ങളാണ് ലാത്വിയൻ രാഷ്ട്രീയത്തിലെ ഈ സുപ്രധാന മാറ്റങ്ങൾക്ക് കാരണം. റഷ്യൻ എണ്ണക്കമ്പനികളെ ലക്ഷ്യമിട്ട് യുക്രെയ്ൻ വിക്ഷേപിച്ച ഡ്രോണുകൾ ദിശതെറ്റി ലാത്വിയൻ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ചിരുന്നു.
ഇവയെ തടയുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രതിരോധ മന്ത്രി ആൻഡ്രിസ് സ്പ്രുഡ്‌സിനെ പ്രധാനമന്ത്രി പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ പ്രതിരോധ മന്ത്രിയെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് 'പ്രോഗ്രസീവ്' പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറി. ഇതോടെ പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായ പ്രധാനമന്ത്രി രാജി സമർപ്പിക്കാൻ നിർബന്ധിതയാവുകയായിരുന്നു. ഒക്ടോബറിൽ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. പുതിയ സർക്കാർ രൂപീകരണത്തിനായി ലാത്വിയൻ പ്രസിഡന്റ് എഡ്ഗർ റിങ്കേവിക്‌സ് ഇന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.