VD Satheesan: മുഖ്യമന്ത്രിയുടെ കാർ ഇനി ഇതാകും! പിണറായി ഉപയോഗിച്ച കാര്‍ പോലീസ് ഏറ്റെടുത്തു; യാത്രാസുരക്ഷയിലും മാറ്റങ്ങൾ
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് വെളുത്ത കാർ നൽകുമെന്ന് വിവരം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച കറുത്ത കാറുകൾ പോലീസ് ഏറ്റെടുത്തു. കിയ കാർണിവൽ ആണ് പിണറായി വിജയൻ ഉപയോഗിച്ചിരുന്നത്.
2022ലാണ് പിണറായി വിജയൻ 33 ലക്ഷം രൂപ ചെലവാക്കി കിയ കാര്‍ണിവൽ വാങ്ങിയത്. ഇന്നോവ ക്രിസ്റ്റയാണ് പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ വി.ഡി സതീശൻ ഉപയോഗിച്ചിരുന്നത്. 2023 ജനുവരി അവസാനം വരെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉപയോഗിച്ച കാറാണ് സതീശൻ ഉപയോഗിച്ചത്.
അതേസമയം യാത്രാസുരക്ഷ ശൈലിയിലും മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. അധികാരമേറ്റുകഴിഞ്ഞാൽ തന്റെ യാത്രയിൽ കൂടുതൽ സുരക്ഷ ആവശ്യമില്ലെന്നും പൈലറ്റും എസ്കോർട്ടും മാത്രം മതിയെവന്നുമാണ് സതീശൻ അറിയിച്ചിരിക്കുന്നത്. യാത്ര ചെയ്യുന്ന സമയത്ത് പൊതുജനത്തെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശമുണ്ട്. സംസ്ഥാനത്ത് മുഖ്യമന്ത്രിക്കും ഗവർണർക്കുമാണ് സെഡ് പ്ലസ് സുരക്ഷയുള്ളത്. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ യാത്രാസമയത്ത് പൊതുജനത്തെ ബുദ്ധിമുട്ടിക്കരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് എഡിജിപി നിർദ്ദേശം നൽകി. ജനങ്ങലോട് മാന്യമായി പെരുമാറണമെന്നും ഗതാഗതം തടയരുതെന്നും നിർദ്ദേശിച്ചു.