Select Location
All Locations
State
Region
City / District
ഭീഷണികൾക്ക് മുന്നിൽ യുഎഇ വഴങ്ങില്ല; പരമാധികാരം സംരക്ഷിക്കാൻ സൈനിക നടപടിക്കും അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

ഭീഷണികൾക്ക് മുന്നിൽ യുഎഇ വഴങ്ങില്ല; പരമാധികാരം സംരക്ഷിക്കാൻ സൈനിക നടപടിക്കും അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

അബുദാബി/ന്യൂഡൽഹി∙ യുഎഇയ്ക്കും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിരന്തരമായ ഭീഷണികളെയും ഭീകരാക്രമണങ്ങളെയും യുഎഇ വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ അപലപിച്ചു. ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരം പ്രകോപനപരമായ നീക്കങ്ങൾ രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും, രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും മുൻനിർത്തി വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രാലയം വ്യക്തമാക്കി. സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ രാജ്യം കീഴടങ്ങില്ലെന്നും ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മറാർ ഇതേ നിലപാട് ആവർത്തിച്ചിരുന്നു.

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എണ്ണ ഉൽപാദന കേന്ദ്രങ്ങൾ, കുടിവെള്ള വിതരണ ശൃംഖലകൾ എന്നിവയടക്കമുള്ള പൊതുസംവിധാനങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ട് അയ്യായിരത്തോളം മിസൈലുകളും ഡ്രോണുകളുമാണ് അതിർത്തി കടന്നെത്തിയത്. എന്നാൽ യുഎഇയുടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനം ഇവയെല്ലാം ആകാശത്തുവച്ച് തന്നെ തകർത്തു. നിരപരാധികളായ ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം വരുത്തിയ ഈ ആക്രമണങ്ങൾക്കെതിരെ രാജ്യാന്തര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലും മനുഷ്യാവകാശ കൗൺസിലും ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളുടെ പിന്തുണയോടെ ഇതിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സ്വതന്ത്രമായ തീരുമാനങ്ങളെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന ഒരു ഭീഷണിയും അനുവദിക്കില്ലെന്നും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ രാജ്യത്തിന് നിയമപരവും നയതന്ത്രപരവും സൈനികവുമായ എല്ലാ അവകാശങ്ങളുമുണ്ടെന്നും യുഎഇ വ്യക്തമാക്കി.

∙‘കടൽക്കൊള്ളയ്ക്ക് തുല്യം’ ആഗോള കപ്പൽ ഗതാഗത പാതകൾ തടസ്സപ്പെടുത്തുന്ന ഇറാന്റെ നടപടികൾക്കെതിരെയും യുഎഇ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനും വാണിജ്യ കപ്പലുകളെയും എണ്ണ ടാങ്കറുകളെയും സാമ്പത്തിക സമ്മർദ്ദങ്ങൾക്കായി ഉപയോഗിക്കാനുമുള്ള ശ്രമങ്ങൾ കടൽക്കൊള്ളയ്ക്ക് തുല്യമാണെന്ന് യുഎഇ പറഞ്ഞു. ഇത് മേഖലയുടെ സുസ്ഥിരതയെയും ആഗോള ഊർജ്ജ സുരക്ഷയെയും നേരിട്ട് ബാധിക്കുന്ന കാര്യമാണെന്നും സിവിൽ വ്യോമയാന മേഖലയ്ക്കും ആശയവിനിമയ സംവിധാനങ്ങൾക്കും ഭക്ഷ്യസുരക്ഷയ്ക്കും നേരെ നടക്കുന്ന ഇത്തരം നീക്കങ്ങളെ രാജ്യാന്തര സംഘടനകൾ ഒന്നടങ്കം അപലപിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

സ്വന്തം അതിർത്തിയും ജനങ്ങളെയും സംരക്ഷിക്കാൻ യുഎഇ മറ്റ് രാജ്യങ്ങളുടെ സഹായത്തിന് കാത്തുനിൽക്കില്ലെന്നും ഏത് തരത്തിലുള്ള അധിനിവേശത്തെയും ചെറുക്കാൻ രാജ്യം സജ്ജമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ 51-ാം വകുപ്പ് പ്രകാരം രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാനുള്ള എല്ലാ അവകാശവും യുഎഇക്കുണ്ട്. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളുമായും മറ്റ് രാജ്യാന്തര പങ്കാളികളുമായും ചേർന്ന് മേഖലയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചർച്ചകൾ യുഎഇ തുടരുകയാണ്. മേഖലയിൽ ശാശ്വതമായ സമാധാനം പുലരണമെങ്കിൽ ആക്രമണങ്ങൾ പൂർണമായും അവസാനിപ്പിക്കുകയും പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചകൾക്ക് തയാറാവുകയും വേണമെന്നാണ് യുഎഇയുടെ നിലപാട്. രാജ്യത്തിന്റെ ഉറച്ച നിലപാടുകളിൽ മാറ്റം വരുത്താൻ ഇത്തരം ആസൂത്രിത നീക്കങ്ങൾക്ക് സാധിക്കില്ലെന്നും ഈ ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇറാന് മാത്രമായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.


Manorama News 56 minutes ago
Home Flash News