പ്രശാന്ത് നീൽ – ജൂനിയർ NTR ചിത്രത്തിൽ അഫ്ഗാനിസ്ഥാൻ ലോജിസ്റ്റിക് തലവൻ ജലീൽ റഹ്മാനായി ബിജു മേനോൻ; തരംഗമായി ‘ഡ്രാഗൺ’ ഗ്ലിംപ്‌സ്
ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ ചിത്രമായ ‘ഡ്രാഗൺ’ന്റെ ഗ്ലിംപ്‌സ് ജൂനിയർ എൻ ടി ആറിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി. എൻടിആറിനെ മാസ് ലുക്കിലാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘കെജിഎഫ്’, ‘സലാർ’ എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന പുതിയ ചിത്രമായതിനാൽ പ്രഖ്യാപന നാൾ മുതൽ തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ ചിത്രം നേടിയിരുന്നു. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ഗ്ലിംപ്‌സ് സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. 2027 ജൂൺ 11നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.
ഡ്രാഗൺ’ന്റെ ഗ്ലിംപ്‌സ്
ഡ്രാഗൺ’ന്റെ ഗ്ലിംപ്‌സ്
ജൂനിയർ എൻടിആറിനൊപ്പം രുക്മിണി വസന്ത് നായികയായെത്തുന്ന ചിത്രത്തിൽ അനിൽ കപൂർ, ബിജു മേനോൻ, ഖുശ്ബു സുന്ദർ, ഗുരു സോമസുന്ദരം, രാജീവ് കനകല, ആശുതോഷ് റാണ, അൻഷുമാൻ പുഷ്കർ, സിദ്ധാന്ത് ഗുപ്ത, പ്രഭാസ് ശ്രീനു, ശത്രു, ശിവ, ഭിമൽ ജീത് ഒബറോയ്, എൻതുതുസെലോ പ്രിൻസ് ഗ്രൂട്ട്‌ബൂം, അലക്സാണ്ടർ മിസെവ്, ബെനഡിക്ട് പോൾ ഗാരറ്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഫ്ഗാൻ ട്രേഡിംഗ് കമ്പനി, ഗോൾഡൻ ട്രേഡിങ് കമ്പനികളുടെ പശ്ചാത്തലത്തിൽ ആക്ഷൻ, രാഷ്ട്രീയം, ക്രൈം ഘടകങ്ങൾ കോർത്തിണക്കിയ വമ്പൻ പാൻ ഇന്ത്യൻ സിനിമയായാണ് ‘ഡ്രാഗൺ’ ഒരുങ്ങുന്നത്. അഫ്ഗാനിസ്ഥാൻ ലോജിസ്റ്റിക് തലവൻ ജലീൽ റഹ്മാനായി ബിജു മേനോൻ വേഷമിടുന്നു.
മൈത്രി മൂവി മേക്കേഴ്സ്, എൻടിആർ ആർട്സ് ബാനറുകളിൽ നന്ദമൂരി കല്യാൺ റാം, നവീൻ യേർനേനി, വൈ. രവി ശങ്കർ, കോസരാജു ഹരികൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗുൽഷൻ കുമാർ, ഭൂഷൻ കുമാർ എന്നിവരുടെ ടി സീരീസാണ് ചിത്രം അവതരിപ്പിക്കുന്നത് . രവി ബസ്റൂർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് ഭുവന ഗൗഡയാണ് ഛായാഗ്രഹണം.