Select Location
All Locations
State
Region
City / District
സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

മട്ടാഞ്ചേരി: സമുദ്ര മേഖലയിലെ ദൗത്യ വിജയവുമായി ഐഒഎസ് സാഗര്‍ രണ്ടാം പതിപ്പ് ഇന്ന് കൊച്ചിയില്‍ സമാപിക്കും. ദൗത്യത്തില്‍ പങ്കെടുത്ത് മടങ്ങുന്ന നാവികസേനയുടെ ഐഎന്‍എസ് സുനൈന കപ്പലിനും നാവികര്‍ക്കും കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്ത് രാവിലെ സ്വീകരണം നല്‍കും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സൗഹൃദ അയല്‍ രാജ്യങ്ങളുമായി നടത്തുന്ന നാവിക സഹകരണവും കൂട്ടായ്‌മയുമാണ് ഭാരതത്തിന്റെ ഇന്ത്യന്‍ ഓഷ്യന്‍ഷിപ്പ് സാഗര്‍ (ഐഒഎസ് സാഗര്‍) ദൗത്യം. 2025 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയപ്രഖ്യാപനമാണ് ഐഒഎസ്. സമുദ്ര മേഖലയില്‍ പ്രാദേശിക സമാധാനം, സ്ഥിരത, സമുദ്ര സുരക്ഷ, സൗഹൃദത്തിന്റെ പാലം സൃഷ്ടിക്കല്‍, ഒരുമിച്ചുള്ള യാത്ര, പരിശീലനം, സാംസ്‌കാരിക വിനിമയം തുടങ്ങി നാവിക സേനയിലൂടെ ബഹുമുഖ സൗഹൃദമാണ് പദ്ധതി ലക്ഷ്യം.

 ആസിയാന്‍ രാജ്യങ്ങളുമായുള്ള സൗഹൃദത്തോടോപ്പം കൂട്ടായ പരിശീലനം, സംയുക്താഭ്യാസം തുടങ്ങിയവും ഐഒഎസ് സാഗര്‍ ലക്ഷ്യമിടുന്നു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനീസ് നാവിക സേനയുടെ കടന്നുകയറ്റവും ശക്തി പ്രാപിക്കലും തടയുകയും ഇതില്‍പ്പെടുന്നു. നാവികസേന കപ്പലില്‍ നാവികര്‍ക്കൊപ്പം സമുദ്രയാന മേഖലകളിലെ ആധുനിക സാങ്കേതിക പരിശീലനങ്ങള്‍, സമുദ്ര മേഖലകളിലെ നിയമങ്ങള്‍, കടന്നുകയറ്റം, ലഹരി, ആയുധ മാഫിയ നിരീക്ഷണവും നിയന്ത്രണവും തുടങ്ങി നാവികസേനയുടെ ദൗത്യ ബോധവല്‍കരണവും പദ്ധതിയിലുണ്ട്. ഏപ്രില്‍ രണ്ടിന് മുംബൈ പോര്‍ട്ടില്‍ നിന്ന് തുടങ്ങിയ രണ്ടാം പതിപ്പില്‍ 16 അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള 38 ഓഫീസര്‍മാരാണുള്ളത്.

ബംഗ്ലാദേശ്, സിങ്കപ്പൂര്‍, മ്യാന്‍മര്‍, ഇന്‍ഡോനേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ തുറമുഖങ്ങളുമായി ആശയവിനിമയവും സന്ദര്‍ശനവും നടത്തിയാണ് 15ന് ശ്രീലങ്കയിലെത്തിയത്. മൂന്ന് ദിവസത്തെ സാംസ്‌കാരിക – സൗഹൃദ- കൂട്ടായ്‌മയും സംയുക്താഭ്യാസവും പൂര്‍ത്തിയാക്കിയാണ് ഐഎന്‍എസ് നൈനയും നാവികരും കൊച്ചിയില്‍ തിരിച്ചെത്തുന്നത്. ഇന്ന് രാവിലെ 10ന് ദക്ഷിണ നാവിക സേനാ ജെട്ടിയില്‍ മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥര്‍ നാവികരെ സ്വീകരിക്കും തുടര്‍ന്ന് അഭിനന്ദനമര്‍പ്പിക്കും.


Janmabhumi 13 minutes ago
Home Flash News