വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പാഠപുസ്തക അച്ചടിയും വിതരണവും പൂര്‍ത്തിയാക്കാതെ കെബിപിഎസ്. പ്രിന്റ് ചെയ്യാനുള്ളത് 71 ലക്ഷത്തോളം പുസ്തകം. ബൈന്‍ഡ് ചെയ്യാനുള്ളത് 1,08,09,616 പുസ്തകങ്ങള്‍. അതിനുമാത്രം 40 ദിവസത്തോളം വേണം.
3.57 കോടി പുസ്തകങ്ങളില്‍ 2.85 കോടി മാത്രമാണ് അച്ചടി പൂര്‍ത്തിയാക്കിയത്. 71.54 ലക്ഷം പുസ്തകങ്ങള്‍ ഇനിയും അച്ചടിക്കാനുണ്ട്. അച്ചടിച്ചവയില്‍ 1.08 കോടി പുസ്തകങ്ങളാണ് പുറംചട്ടയ്‌ക്കുള്ള പേപ്പര്‍ ഇല്ലാത്തതിനാല്‍ ബൈന്‍ഡിങ് മുടങ്ങിയത്. പുറംചട്ടയ്‌ക്കുള്ള ഒരു ലോഡ് പേപ്പര്‍ കഴിഞ്ഞ ദിവസം ആണ് എത്തിച്ചത്. അതുകൊണ്ട് മാത്രം ബൈന്‍ഡിങ് പൂര്‍ത്തിയാകില്ല. ഇനിയും പേപ്പര്‍ വേണം.
പുറംചട്ട പ്രിന്റിങ് പൂര്‍ത്തിയായാല്‍ 24 മണിക്കൂറില്‍ മൂന്ന് ലക്ഷം പുസ്തകമാണ് പരമാവധി ബൈന്‍ഡ് ചെയ്യാനാകുക. അതിനുമാത്രം 40 ദിവസത്തോളം വേണം. പാഠഭാഗങ്ങള്‍ അച്ചടിക്കാനുള്ള പേപ്പര്‍ എന്നുവരുമെന്നതില്‍ കൃത്യമായ വിവരം ലഭിച്ചിട്ടുമില്ല.
പാഠപുസ്തകത്തിന് പുറമെ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കുമുള്ള വര്‍ക്ക് ബുക്ക് ഇതുവരെ പ്രിന്റിങ് ആരംഭിച്ചിട്ടില്ല. അത് ഒന്നരക്കോടിയിലധികം പുസ്തകം വേണം. അതിനുള്ള പ്രാരംഭ നടപടി പോലും ആരംഭിച്ചിട്ടില്ല. അതുകൂടി പൂര്‍ത്തിയാക്കി പുസ്തകങ്ങള്‍ പൂര്‍ണമായും എത്തുമ്പോള്‍ ജൂണ്‍ കഴിയുമെന്ന് ജീവനക്കാര്‍ പറയുന്നു. ലോട്ടറി, പുസ്തകം അച്ചടി എന്നിവയില്‍ സര്‍ക്കാര്‍ 400 കോടിയോളം രൂപ കെബിപിഎസിന് നല്‍കാനുണ്ട്. തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നാണ് കെബിപിഎസിന് പേപ്പര്‍ വാങ്ങുന്നത്. ആ ഇനത്തില്‍ കോടികള്‍ കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിന് നല്‍കാനുണ്ട്. എന്നിട്ടും പിണറായി സര്‍ക്കാര്‍ കുടിശ്ശിക അനുവദിക്കാന്‍ തയാറായില്ല
അതുകാരണമാണ് സമയത്ത് പേപ്പര്‍ ലഭിക്കാതിരുന്നത്. നേരത്തെ പേപ്പര്‍ ലഭിക്കാത്തത് വാര്‍ത്ത ആയതിന് പിന്നാലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ എഴ് കോടി ആനുവദിച്ചിരുന്നു. അതിനുള്ള പേപ്പറാണ് ഇപ്പോള്‍ പ്രസില്‍ എത്തിച്ചിരിക്കുന്നത്. ഇനി എത്ര വേഗത്തില്‍ പേപ്പര്‍ എത്തിച്ചാലും പുസ്‌കങ്ങളും വര്‍ക്ക് ബുക്കും പൂര്‍ണമാക്കി സ്‌കൂളുകളില്‍ എത്തിക്കുമ്പോള്‍ ജൂണ്‍ കഴിയുമെന്ന് കെബിപിഎസ് ജീവനക്കാര്‍ പറയുന്നു.