Select Location
All Locations
State
Region
City / District
‘പ്രതിപക്ഷ നേതൃസ്ഥാനം പുനഃപരിശോധിക്കില്ല, പാർട്ടിക്കുള്ളിൽ നടക്കുന്നത് നേതൃമാറ്റത്തിനുള്ള ചർച്ചയല്ല’

‘പ്രതിപക്ഷ നേതൃസ്ഥാനം പുനഃപരിശോധിക്കില്ല, പാർട്ടിക്കുള്ളിൽ നടക്കുന്നത് നേതൃമാറ്റത്തിനുള്ള ചർച്ചയല്ല’

തിരുവനന്തപുരം: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് പാർട്ടിയുടെ ഏകകണ്ഠമായ തീരുമാനമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഈ തീരുമാനത്തിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാപരമല്ലെന്നും തെറ്റായ പ്രചരണങ്ങൾ മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ആരായിരിക്കണം പ്രതിപക്ഷ നേതാവ് എന്ന് ചർച്ചചെയ്തപ്പോൾ സഖാവ് പിണറായി വിജയൻതന്നെ വരണമെന്ന് സംസ്ഥാന കമ്മിറ്റി ഏകകണ്ഠേന തീരുമാനിച്ചതാണ്. തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെക്കുറിച്ച് ഗൗരവപൂർണവും ആഴത്തിലുള്ളതും നിർഭയവുമായ ചർച്ചകൾ പാർട്ടിക്കകത്ത് നടക്കണമെന്ന് നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ഇത് നേതൃത്വത്തെ മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചയല്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

എടുത്ത തീരുമാനം പുനഃപരിശോധിക്കില്ലെന്നുപറഞ്ഞ അദ്ദേഹം ജില്ലാ കമ്മിറ്റികളിൽനിന്ന് പുനഃപരിശോധന ആവശ്യപ്പെട്ട് സമ്മർദമുണ്ടെന്ന വാർത്തകൾ തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിന് കാരണം പിണറായി വിജയന്റെ ധാർഷ്ട്യമാണെന്നും സാധാരണക്കാരെ അകറ്റിനിർത്തിയെന്നും വിവിധ ജില്ലാകമ്മിറ്റിയിൽ വിമർശനമുയർന്നിരുന്നു. പിണറായിയുടെ ധാർഷ്ട്യവും ശരീരഭാഷയും സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു. എം.വി ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചതും എ. വിജയരാഘവന്റെ ഭാര്യ ബിന്ദുവിനെ മന്ത്രിയാക്കിയതും തിരിച്ചടിയായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്നും നേതൃമാറ്റം വേണമെന്നുമുള്ള വിമർശനങ്ങൾ വരെ പാർട്ടി യോഗങ്ങളിൽ ഉയർന്നു.


Mathrubhumi News 41 minutes ago
Home Flash News