Select Location
All Locations
State
Region
City / District
ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു:ഒഴിവായത് വൻ ദുരന്തം

ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു:ഒഴിവായത് വൻ ദുരന്തം  

ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ AI2651 വിമാനത്തിനാണ് അപകടം സംഭവിച്ചത്.

ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു. ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ AI2651 വിമാനത്തിനാണ് അപകടം സംഭവിച്ചത്.എന്നാൽ വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കാനും യാത്രക്കാരെയും ജീവനക്കാരെയും സാധാരണ രീതിയിൽ പുറത്തെത്തിക്കാനും സാധിച്ചു.

അപകട കാരണം കണ്ടെത്താനായി വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എയർ ഇന്ത്യ വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ബന്ധപ്പെട്ട നിയന്ത്രണ അധികാരികളുമായി ഏകോപിപ്പിച്ച്, നിലവിലുള്ള നടപടിക്രമങ്ങൾ അനുസരിച്ച് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റൊരു വിമാനം പറന്നുയരുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന വായുചലന വ്യതിയാനം  കാരണമാണ് ഈ അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് പൈലറ്റ് ആദ്യ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും മുകളിലേക്ക് ഉയർത്തുകയും (Go-around), രണ്ടാമത്തെ ശ്രമത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയുമായിരുന്നു.

അപകടത്തെ തുടർന്ന് ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്ക സർവീസായ AI2652 റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. യാത്രാതടസ്സം നേരിട്ട യാത്രക്കാരെ എത്രയും വേഗം മറ്റ് വിമാനങ്ങളിൽ എത്തിക്കാനുള്ള ബദൽ ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്നും ബംഗളൂരുവിലെ ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങൾ യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി. യാത്രാതടസ്സമുണ്ടായതിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും കൂട്ടിച്ചേർത്തു.


News18Kerala 48 minutes ago
Home Flash News