Select Location
All Locations
State
Region
City / District
അധികാര വരൾച്ചയ്ക്കുശേഷം ഭരണം പിടിച്ചതിന്റെ രാഷ്ട്രീയവെറി പാവപ്പെട്ടവരോട് തീർക്കുകയല്ല വേണ്ടത്: എം ബി രാജേഷ്

അധികാര വരൾച്ചയ്ക്കുശേഷം ഭരണം പിടിച്ചതിന്റെ രാഷ്ട്രീയവെറി പാവപ്പെട്ടവരോട് തീർക്കുകയല്ല വേണ്ടത്: എം ബി രാജേഷ്

നിയമത്തിന്റെ ഹൃദയശൂന്യമായ സാങ്കേതികത്വത്തിനുപരിയായി നീതിയുടെ മാനുഷിക പരിഗണനയുള്ള ഒരു സർക്കാർ മുമ്പ് ഈ പ്രശ്നം കൈകാര്യം ചെയ്തതിന്റെ പാഠം ഉൾക്കൊള്ളാൻ യുഡിഎഫ് സർക്കാർ തയ്യാറാവുകയാണ് വേണ്ടതെന്നും അല്ലാതെ പത്തു വർഷത്തെ അധികാര വരൾച്ചയ്ക്ക് ശേഷം ഭരണം പിടിച്ചതിൻ്റെ രാഷ്ട്രീയ വെറി പാവങ്ങളോടല്ല തീർക്കേണ്ടതെന്നും എം ബി രാജേഷ്. പാരിയത്ത് കാവിൽ യു ഡി എഫ് ഭരണത്തിന് കീഴിൽ പൊലീസ് നടത്തിയെ നരനായാട്ടിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേ​ഹം.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഇടതുപക്ഷ സർക്കാരിൻ്റെ കാലത്തും കോടതി വിധിയുണ്ടായിരുന്നുവെന്നും അന്നൊന്നും പാരിയത്ത് കാവിൽ ഇങ്ങനെ ഇടപെടാൻ പൊലീസ് തയ്യാറായില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. യുഡിഎഫ് സർക്കാരിൻ്റെ ദളിത് വിരുദ്ധതയ്ക്കെതിരേയും മാധ്യമങ്ങൾ ഇതിനോടൊക്കെ മുഖം തിരിക്കുന്നതിനെപ്പറ്റിയും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പാരിയത്ത് കാവിലെ പുതുയു​ഗപ്പിറവി എന്ന് യുഡിഎഫ് ഭരണത്തെ പരിഹസിച്ചു കൊണ്ടാണ് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

പാരിയത്ത് കാവിലെ പുതുയുഗപ്പിറവി

പുതിയ മുഖ്യമന്ത്രിയായി ശ്രീ. വടശ്ശേരി ദാമോദര മേനോൻ സതീശൻ സ്ഥാനാരോഹണം ചെയ്തതിന്റെ മൂന്നാം നാളാണ് എറണാകുളം പാരിയത്ത് കാവിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പോലീസ് വേട്ടക്കിറങ്ങിയത്. പൊതുജീവിതത്തിൽ അറുപത്തിരണ്ട് വയസ്സുവരെ ഉപയോഗിച്ച് പഴകിയ പേര് പോരാ മുഖ്യമന്ത്രിയാകാൻ എന്ന് `നെഹ്റുവിയൻ ലെഫ്റ്റി’ന് ഉൾവിളി ഉണ്ടായി. ‘യഥാർത്ഥ’ ഇടതുപക്ഷത്തിന്റെ തനിസ്വരൂപം ദരിദ്ര ദളിത് ജനതയോടെടുക്കാൻ ഇതാണ് പറ്റിയ സമയമെന്ന് പോലീസിനും തോന്നി. ഇടതുപക്ഷ ഭരണത്തിലും കോടതി വിധി ഉണ്ടായിരുന്നു. അന്നൊന്നും പാരിയത്ത് കാവിൽ പോലീസ് ഇങ്ങനെ പെരുമാറാൻ ധൈര്യപ്പെട്ടിട്ടില്ല. വളരെ ക്ഷമാപൂർവ്വവും മാനുഷികപരിഗണനയോടെയുമാണ്എൽഡിഎഫ് സർക്കാർ ആ പ്രശ്നം കൈകാര്യം ചെയ്തത്. അതുകൊണ്ട് പോലീസും അതിരു വിട്ടിരുന്നില്ല. ഭരണമാറ്റം സൃഷ്ടിച്ച പുതുയുഗപ്പിറവി ഇത്രവേഗം അനുഭവവേദ്യമാകുമെന്നാരും കരുതിയിട്ടുണ്ടാകില്ല.
അശരണരായ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടനിലവിളികൾ കേട്ടാണ് ഭരണമാറ്റത്തിന്റെ, പുതുയുഗത്മാരംഭിക്കുന്നത്.നിയമത്തിന്റെ ഹൃദയശൂന്യമായ സാങ്കേതികത്വത്തിനുപരിയായി നീതിയുടെ മാനുഷിക പരിഗണനയുള്ള ഒരു സർക്കാർ മുമ്പ് ഈ പ്രശ്നം കൈകാര്യം ചെയ്തതിന്റെ പാഠം ഉൾക്കൊള്ളാൻ യുഡിഎഫ് സർക്കാർ തയ്യാറാവുകയാണ് വേണ്ടത്. അല്ലാതെ പത്തുവർഷത്തെ അധികാരവരൾച്ചയ്ക്കുശേഷം ഭരണം പിടിച്ചതിന്റെ രാഷ്ട്രീയവെറി പാവപ്പെട്ടവരോട് തീർക്കുകയല്ല.
എവിടെ സത്വവാദികൾ ? എവിടെ ജമാ അത്ത് ഇസ്ലാമി ? ഞങ്ങളാണ് ഈ സർക്കാരിനെ അധികാരത്തിലേറ്റിയതെന്ന രക്ഷാകർതൃ ഭാവത്തിൽ സത്യപ്രതിജ്ഞയ്ക്കെത്തിയ ജമാ അത്ത് തലവൻ പ്രതികരിച്ചോ ?പാരിയത്ത് കാവിലെ ‘പുതുയുഗപ്പിറവി’ യെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ ?എത്ര മുഖപ്രസംഗങ്ങളുണ്ടായി ? എത്ര പ്രൈം ടൈം ചർച്ചകളുണ്ടായി ?പൂക്കിയുടെ കണ്ണിറുക്കൽ മാഹാത്മ്യ വർണ്ണനകൾക്കിടെ ദളിതരുടെ രോദനത്തിന് എന്തു വാർത്താ മൂല്യം ? ഇടതുപക്ഷ സർക്കാരിന്റെ കാലത്തായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നൊന്ന് സങ്കൽപ്പിച്ചു നോക്കൂ. മുൻകാലങ്ങളിലെല്ലാം അവരെ നിരനിരയായി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവർക്കൊപ്പം ഉറച്ചു നിന്ന് ചെറുത്തത് ഇടതുപക്ഷമാണ്. ഇനിയും ആമനുഷ്യർക്കൊപ്പം ഇടതുപക്ഷമുണ്ടാകും. അവരെപ്പോലെ അനീതി നേരിടുന്നവർക്കെല്ലാം ഒപ്പം തെരുവിലും, സമരമുഖത്തും ഇടതുപക്ഷമുണ്ടാകും.


Kairali News 49 minutes ago
Home Flash News