Select Location
All Locations
State
Region
City / District
തമിഴ്നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ്

തമിഴ്നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ്

ചെന്നൈ: ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ തമിഴ്‌നാട്ടിൽ പശുക്കളെയോ പശുക്കിടാങ്ങളെയോ അറുക്കുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഉത്തരവ് സംസ്ഥാനത്തുടനീളം കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും കോടതി നേരിട്ട് നിർദ്ദേശം നൽകി. കോയമ്പത്തൂർ സ്വദേശിയായ കെ. സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. പൊതുസ്ഥലങ്ങളിൽ പശുക്കളെ അറുക്കുന്നത് തടയണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.

അംഗീകൃത അറവുശാലകളിൽ അല്ലാതെ മറ്റൊരു സ്ഥലത്തും മൃഗങ്ങളെ അറുക്കാൻ അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. താൽക്കാലിക ഷെഡുകളോ തട്ടിക്കൂട്ട് കേന്ദ്രങ്ങളോ നിയമപരമായ അറവുശാലകളായി പരിഗണിക്കാൻ കഴിയില്ല. അറവുശാലകൾ എവിടെയൊക്കെ വേണമെന്ന് നിശ്ചയിക്കാനുള്ള അധികാരം പോലീസിനില്ലെന്നും, അത്തരം തീരുമാനങ്ങൾ പ്രസക്തമായ നിയമങ്ങൾക്കനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് എടുക്കേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു. കൂടാതെ ബക്രീദ് ദിനത്തിൽ പശുക്കളെ തന്നെ ബലി നൽകണമെന്നത് മതപരമായ അനിവാര്യതയോ നിർബന്ധിത ആചാരത്തിന്റെ ഭാഗമോ അല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

 1958-ലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമപ്രകാരം പത്തുവയസ്സിന് മുകളിലുള്ളതും, ജോലി ചെയ്യാനോ പ്രജനനത്തിനോ പൂർണ്ണമായും ശേഷി ഇല്ലാത്തതുമായ പശുക്കളെ മാത്രമേ അറുക്കാൻ പാടുള്ളൂ. ഇതിനായി യോഗ്യതയുള്ള ഉദ്യോഗസ്ഥൻ നൽകുന്ന ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പശുക്കൾ, പശുക്കിടാങ്ങൾ, മറ്റ് കറവപ്പശുക്കൾ എന്നിവയെ അറുക്കുന്നത് നിരോധിക്കാൻ രാഷ്ട്രം നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുന്ന ഭരണഘടനയുടെ 48-ാം അനുച്ഛേദവും കോടതി ചൂണ്ടിക്കാട്ടി. പശുക്കശാപ്പ് നിരോധിച്ചുകൊണ്ടുള്ള തമിഴ്‌നാട് സർക്കാരിന്റെ മുൻ ഉത്തരവുകൾക്ക് നിയമസാധുതയുണ്ടെന്നും അത് നടപ്പിലാക്കേണ്ടതുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. ഹർജി കോയമ്പത്തൂർ ജില്ലയെ മാത്രം മുൻനിർത്തിയുള്ളതാണെങ്കിലും, ഈ നിയമപരമായ വ്യവസ്ഥകൾ തമിഴ്‌നാട്ടിലുടനീളം ഒരേപോലെ നടപ്പിലാക്കാൻ കോടതി ചീഫ് സെക്രട്ടറിക്കും ഡയറക്ടർ ജനറൽ ഓഫ് പോലീസിനും നിർദ്ദേശം നൽകി.


News18Kerala 1 hour ago
Home Flash News