Select Location
All Locations
State
Region
City / District
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: ക്യാമറകൾ പ്രവർത്തനരഹിതം, വ്യാജ പ്രവേശന ടിക്കറ്റും: ചിലർക്ക് സുരക്ഷാ പരിശോധനയില്ല

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: ക്യാമറകൾ പ്രവർത്തനരഹിതം, വ്യാജ പ്രവേശന ടിക്കറ്റും: ചിലർക്ക് സുരക്ഷാ പരിശോധനയില്ല

തിരുവനന്തപുരം ∙ അമൂല്യ നിധിശേഖരമുള്ള ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷയ്ക്ക് പൊലീസിന്റെ പ്രത്യേക വിഭാഗമുണ്ടെങ്കിലും ഗുരുതരവീഴ്ച സംഭവിക്കുന്നത് വിശദീകരിച്ചാണ് ഡിജിപിയുടെ റിപ്പോർട്ട്. രാജകുടുംബാംഗങ്ങൾ മാത്രം ഉപയോഗിക്കുന്ന ചെമ്പകത്തുമ്മൂട് വഴിയിലൂടെ മറ്റു വ്യക്തികൾ സുരക്ഷാപരിശോധന കൂടാതെ ഉള്ളിൽ പ്രവേശിക്കുന്നതും പുറത്തു കടക്കുന്നതും ഗുരുതര വീഴ്ചയാണ്. നിരീക്ഷണ ക്യാമറകളിൽ ചിലത് പ്രവർത്തിക്കാത്തതും ദുരൂഹമാണ്. ശ്രീകോവിലിൽ സ്വർണം പതിപ്പിക്കാനായി കൊണ്ടുപോയതിൽ 13 ഗ്രാം സ്വർണക്കമ്പി കാണാതായതിനെത്തുടർന്ന് ക്യാമറകൾ പരിശോധിച്ചെങ്കിലും തുമ്പ് ലഭിച്ചില്ല.

ശ്രീകോവിലിലേക്കുള്ള പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ ചിലതും പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ അടക്കം ഒട്ടേറെ ഭക്തരെ ക്ഷേത്രദർശന ടിക്കറ്റിന്റെ മറവിൽ കബളിപ്പിക്കുന്നതായും ആരോപണമുണ്ട്. 100 രൂപയുടെയും 500 രൂപയുടെയും ടിക്കറ്റുകൾ വ്യാജമായി അച്ചടിച്ചാണ് ഭക്തരെ ചതിക്കുന്നത്. ക്ഷേത്രം നിയോഗിച്ച ആൾ എന്ന വ്യാജേന സംഘത്തിനൊപ്പം തട്ടിപ്പുകാരിലെ ഒരാളും ക്ഷേത്രത്തിലേക്ക് കടക്കും. ശേഷം ഭക്തരെ ഒഴിവാക്കി മുങ്ങും. കിഴക്കേനട കേന്ദ്രീകരിച്ചാണ് കൂടുതലും തട്ടിപ്പ് നടക്കുന്നത്. ഇവിടെയുള്ള പൊലീസ് എയ്ഡ് പോസ്റ്റ് നിർജീവമാണ്.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതര വീഴ്ച സംഭവിക്കുന്നതായും ഭക്തർ സമർപ്പിച്ച സ്വർണമുൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായതായും സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കാണ് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ നീക്കങ്ങൾ നിരീക്ഷിച്ച് സംസ്ഥാന ഇന്റലിജൻസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി റിപ്പോർട്ട് കൈമാറിയത്. സ്വർണത്തിനു പുറമേ ക്ഷേത്രത്തിലെ പല വിലപിടിപ്പുള്ള സാധനങ്ങളും അറ്റകുറ്റപ്പണികൾക്കായി പുറത്തേക്ക് കൊണ്ടുപോയ ശേഷം തിരികെ എത്തിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഭക്തർ കാണിക്കയായി സമർപ്പിച്ച ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും കാണാതായിട്ടുണ്ട്. രാജകുടുംബവുമായി ബന്ധമുള്ളവർ സുരക്ഷാ പരിശോധന കൂടാതെ ക്ഷേത്രത്തിൽ പ്രവേശിക്കുകയും പുറത്തേക്കു പോകുകയും ചെയ്യുന്നു. ഇത് ക്ഷേത്ര ജീവനക്കാരുടെയും സുരക്ഷാ ജീവനക്കാരുടെയും ഒത്താശയോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗുരുതരവീഴ്ചകൾ തിരുവനന്തപുരം ∙ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണമായ ‘വൈരനാമം’ കൊണ്ടുപോയി 6 മാസം കഴിഞ്ഞിട്ടും തിരികെ എത്തിച്ചിട്ടില്ലെന്നും ക്ഷേത്രത്തിലെ പലതട്ടുകളുള്ള സ്വർണവിളക്ക് അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞു കൊണ്ടുപോയി പകരം വെള്ളിവിളക്ക് സ്ഥാപിച്ചുവെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ട്. ഈ നടപടി രേഖകളിൽ ഇല്ല. ഗണപതി വി.അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ, കോട്ടുകാൽ ഷൈജു, പദ്മേഷ് പരശുരാമൻ, വിമാനക്കമ്പനി ജീവനക്കാരനായ അശോക എന്നിവർ ഒരു പരിശോധനയും കൂടാതെ ക്ഷേത്രത്തിൽ കയറിയിറങ്ങുകയാണ്. ഇവർ കവടിയാർ കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരും രാജകുടുംബാംഗമായ ആദിത്യ വർമയുടെ അടുപ്പക്കാരുമാണെന്നും റിപ്പോർട്ടിലുണ്ട്. പ്രവേശനത്തിൽ സുരക്ഷാ വീഴ്ച ശ്രദ്ധയിൽപെട്ടതിനാൽ ട്രഷററുടെ ഓഫിസിലും വെഹിക്കിൾ ഷെഡുകളിലും സൂക്ഷിച്ചിരിക്കുന്ന സ്വർണവും വെള്ളിയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അടിയന്തരമായി സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്ന് ഡിജിപി ശുപാർശ ചെയ്തു. ഭക്തർ നൽകുന്ന കാണിക്ക അളവും തൂക്കവും എണ്ണവും രേഖപ്പെടുത്തി ലോക്കറുകളിൽ സൂക്ഷിക്കണം. ക്ഷേത്രത്തിൽ പ്രവേശിക്കുന്ന എല്ലാവരെയും സ്ഥാനമാനങ്ങൾ നോക്കാതെ കർശന സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കണമെന്നും ശുപാർശയുണ്ട്.


Manorama News 44 minutes ago
Home Flash News