'ഹോർമുസ് വഴിയുള്ള വ്യാപാരം സുരക്ഷിതമാകണം'; അന്താരാഷ്ട്ര സെക്യൂരിറ്റി ഫോറത്തിൽ അജിത് ഡോവൽ
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ
ഹോർമുസ് കടലിടുക്ക്, ചെങ്കടൽ എന്നിവയുൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ വ്യാപാര നീക്കം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മോസ്കോയിൽ നടന്ന പ്രഥമ അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിലും സുരക്ഷാ കാര്യങ്ങൾക്കായുള്ള ഉന്നത പ്രതിനിധികളുടെ പതിനാലാമത് യോഗത്തിലും സംസാരിക്കുകയായിരുന്നു അജിത് ഡോവൽ.
"ബഹുധ്രുവ ലോകത്തിന്റെ ആവിർഭാവത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സുരക്ഷ നേരിടുന്ന വെല്ലുവിളികളും ഭീഷണികളും" എന്ന വിഷയത്തിലാണ് ഫോറം ശ്രദ്ധ കേന്ദ്രീകരിച്ചത്. റഷ്യൻ ഫെഡറേഷൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു ആതിഥേയത്വം വഹിച്ചു.
ഭീകരവാദ പ്രശ്നത്തെത്തിൽ ഉത്തരവാദിത്തമുള്ള രാജ്യങ്ങൾ തങ്ങളുടെ നിലപാടുകൾ വിലയിരുത്തണമെന്ന് ഡോവൽ ആവശ്യപ്പെട്ടു. ഉത്തരവാദിത്തമുള്ള രാജ്യങ്ങൾ അവരുടെ തിരഞ്ഞെടുപ്പുകൾ വിലയിരുത്തണമെന്നും അവർ ഭീകരവാദത്തിന്റെ സ്പോൺസർമാരെ പിന്തുണയ്ക്കുകയാണോ അതോ ശക്തമായ നടപടികളിലൂടെ അവരെ ചെറുക്കുകയാണോ ചെയ്യേണ്ടതെന്ന് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപീകരിക്കപ്പെട്ട ആഗോള ഘടനകളിലും സ്ഥാപനങ്ങളിലും അടിയന്തിരമായി പരിഷ്കാരങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകതയും ഡോവൽ എടുത്തുപറഞ്ഞു.
സമകാലിക അന്താരാഷ്ട്ര സുരക്ഷാ ഭീഷണികളെ നേരിടുന്നതിൽ ഇവ കൂടുതൽ ഫലപ്രദമാകണമെന്നും ഗ്ലോബൽ സൗത്തിന് (വികസ്വര രാജ്യങ്ങൾക്ക്) കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫോറത്തിന്റെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ ഡോവലും ഷോയിഗുവും ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നാണ് സൂചന.