LDF സർക്കാരിന്റെ എ.ഐ. ക്യാമറ പദ്ധതി: കരാർപ്രകാരമുള്ള തുക ലഭിക്കുന്നില്ല, എസ്ആർഐടി ഹൈക്കോടതിയിൽ
കൊച്ചി: ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനായി എ.ഐ. ക്യാമറ സംവിധാനം സ്ഥാപിച്ചതിൽ കരാർ പ്രകാരമുള്ള തുക സമയബന്ധിതമായി ലഭിക്കുന്നില്ലെന്നുകാട്ടി കരാർ കമ്പനിയായ എസ്.ആർ.ഐ.ടി. നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയടക്കം വിശദീകരണം തേടി. എസ്.ആർ.ഐ.ടി. മാനേജിങ് ഡയറക്ടർ ഡോ. മധുസൂദനൻ നമ്പ്യാർ ആണ് ഹർജി നൽകിയിരിക്കുന്നത്. 36.95 കോടി രൂപ ലഭിക്കാനുണ്ടെന്ന് ഹർജിയിൽ പറയുന്നു.
സേഫ് കേരള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ സർക്കാരിന്റെകാലത്ത് എ.ഐ. അധിഷ്ഠിത ട്രാഫിക് എൻഫോഴ്സുമെന്റ് സംവിധാനം നടപ്പാക്കിയത്. കെൽട്രോണിന്റെ നിയന്ത്രണത്തിൽ നടപ്പാക്കിയ പദ്ധതിയുടെ നിർവഹണക്കരാർ ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്.ആർ.ഐ.ടി.ക്കായിരുന്നു. കരാർപ്രകാരം മുഴുവൻ തുകയും സർക്കാർ അഞ്ചുവർഷത്തിനിടെ 20 തുല്യ ത്രൈമാസ ഗഡുക്കളായി നൽകണം. സർക്കാർ കെൽട്രോണിന് നൽകുന്ന പണം കെൽട്രോൺ ആണ് ഹർജിക്കാർക്കു നൽകേണ്ടത്. സർക്കാർ പണം കൈമാറാത്തതാണ് പ്രശ്‌നമായിരിക്കുന്നത്.
കമ്പനിയുടെ പിന്തുണയോടെയാണ് പദ്ധതി ഇപ്പോഴും വിജയകരമായി നടപ്പാക്കുന്നത്. കുടിശ്ശിക നൽകാൻ ഉത്തരവിടുന്നതിനൊപ്പം ഇനിയുള്ള തുക സമയബന്ധിതമായി നൽകാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 2023 ജൂൺ അഞ്ചിന് എ.ഐ. ക്യാമറ പദ്ധതി നടപ്പാക്കിയതിനെത്തുടർന്ന് അപകടമരണനിരക്ക് 9.8 ശതമാനത്തിൽനിന്ന് 7.5 ശതമാനമായി കുറഞ്ഞെന്നാണ് റിപ്പോർട്ട്. മൂന്നുവർഷത്തിനിടെ മോട്ടോർ വാഹനവകുപ്പ് 1.35 കോടിയിലധികം ചെലാനുകളാണ് പുറപ്പെടുവിച്ചത്. 900 കോടി രൂപയിലധികം ഇതിലൂടെ ഖജനാവിലേക്കു ലഭിക്കും.