Select Location
All Locations
State
Region
City / District
എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പിട്ടിട്ടില്ല, ഫണ്ട് വാങ്ങിയിട്ടില്ല; ശിവന്‍കുട്ടി

എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പിട്ടിട്ടില്ല, ഫണ്ട് വാങ്ങിയിട്ടില്ല; ശിവന്‍കുട്ടി

പിഎം ശ്രീ വിവാദത്തില്‍ പ്രതികരണവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീയില്‍ ഒപ്പിടുകയോ കാശ് വാങ്ങുകയോ ചെയ്തിട്ടില്ല എന്ന് ശിവന്‍കുട്ടി പറഞ്ഞു. ധാരണാപത്രത്തില്‍ മാത്രമാണ് അന്നത്തെ സര്‍ക്കാര്‍ ഒപ്പിട്ടത് എന്നും അത് പിന്നീട് മരവിപ്പിച്ചതാണ് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത് സമഗ്ര ശിക്ഷാ കേരളയുടെ 92.41 കോടി രൂപയുടെ ആദ്യഗഡു ആണ് എന്നും ഇത് പി എം ശ്രീ ഫണ്ടല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ചാല്‍ മാത്രമേ എസ്എസ്‌കെയ്ക്ക് ഫണ്ട് നല്‍കൂ എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത് എന്നും ശിവന്‍കുട്ടി പറഞ്ഞു. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഒരു കാര്യം സത്യം പറഞ്ഞു; 'നിങ്ങളുടെ നയമല്ല ഞങ്ങളുടെ നയം' എന്ന്. അതെ, ഞങ്ങള്‍ അത് ഉറക്കെ പറയുകയാണ്; എല്‍ഡിഎഫ് നയമല്ല യുഡിഎഫിന്റേത്. ഇപ്പോള്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി പറയുന്നത് കേരളം പിഎം ശ്രീ പദ്ധതിയില്‍ നിന്ന് ഫണ്ട് വാങ്ങിയെന്നാണ്. ഇത് പച്ചയായ നുണയാണ്. കേരളം ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല, അതുകൊണ്ട് ഒരു നയാപൈസ പോലും ഇതിനായി ലഭിച്ചിട്ടുമില്ല.

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന് മൂന്ന് ഘട്ടങ്ങളാണുള്ളത്: 1. ധാരണാപത്രം ഒപ്പിടല്‍. 2. UDISE+ പോര്‍ട്ടലിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യോഗ്യതയുള്ള സ്‌കൂളുകളുടെ പട്ടിക എന്‍ഐസി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു. തുടര്‍ന്ന്, ആ സ്‌കൂളുകള്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. 3. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീം ഈ സ്‌കൂളുകള്‍ പരിശോധിച്ച് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം.

അതിനുശേഷം തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ പട്ടിക (കേരളത്തെ സംബന്ധിച്ച് പരമാവധി 265 എണ്ണം) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ചുകൊടുക്കുന്നു. ഇത് കേന്ദ്രം പരിശോധിച്ച് അപ്രൂവ് ചെയ്ത ശേഷം മാത്രമേ പദ്ധതിയ്ക്കുള്ള ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് പ്ലാന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സാധിക്കൂ. കേരളത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നില്ല എന്ന ഘട്ടത്തിലാണ് കേരളം പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കാന്‍ നിര്‍ബന്ധിതമായത്.

പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ചാല്‍ മാത്രമേ എസ് എസ് കെ യ്ക്ക് ഫണ്ട് നല്‍കൂ എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കടുംപിടുത്തം. എന്നാല്‍, ധാരണാപത്രം ഒപ്പിട്ട ആദ്യഘട്ടത്തിനുശേഷം, ബിജെപി സര്‍ക്കാരിന്റെ കാവിവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കുമെന്ന് കണ്ടപ്പോള്‍, സംസ്ഥാന മന്ത്രിസഭ ധാരണാപത്രം മരവിപ്പിക്കാന്‍ തീരുമാനിച്ചു.

ഇക്കാര്യം അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ നേരിട്ടും, അന്നത്തെ വകുപ്പ് സെക്രട്ടറി രേഖാമൂലവും അറിയിച്ചിട്ടുണ്ട്. പിന്നീട്, പൊതുവിദ്യാഭ്യാസ മന്ത്രി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് 'സമഗ്ര ശിക്ഷാ കേരള'യുടെ 92.41 കോടി രൂപയുടെ ആദ്യഗഡു അനുവദിച്ചത്. ഇത് പി എം ശ്രീ ഫണ്ടല്ല. ഈ തുക, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ലഭിക്കേണ്ടിയിരുന്ന റീഇംബേഴ്സ്മെന്റ് തുകയില്‍ നിന്ന് കേന്ദ്രം അഡ്ജസ്റ്റ് ചെയ്യുകയാണുണ്ടായത്

യഥാര്‍ത്ഥത്തില്‍, കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയത്. ഇതാണ് സത്യം എന്നിരിക്കെ, ആടിനെ പട്ടിയാക്കുന്ന രീതിയില്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു നയവും ഭരണപക്ഷത്തിരിക്കുമ്പോള്‍ മറ്റൊരു നയവുമാണ് ഇവര്‍ക്കുള്ളത്.

സംഘപരിവാര്‍ അജണ്ടകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കീഴ്‌പ്പെട്ടു കഴിഞ്ഞുവെന്ന് വ്യക്തമാകുകയാണ്. പി എം ശ്രീ ധാരണാപത്രം മരവിപ്പിച്ചു എന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തുടര്‍ നടപടികള്‍ ഇല്ലാതിരുന്നത്. ഇതാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നത്.


One India Malayalam 1 hour ago
Home Flash News