മദ്യത്തിന്റെ നികുതിയിളവ്; സഭ പ്രക്ഷുബ്ധം, പ്രതിപക്ഷം ഇറങ്ങിപ്പോയി
മദ്യത്തിന്റെ നികുതി ഇളവിൽ സഭ പ്രക്ഷുബ്ധം. വിഷയം അടിയന്തര പ്രമേയമായി ചർച്ച ചെയ്യാൻ തയ്യാറാകാതെ സർക്കാർ. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നിർദേശത്തിന് പിന്നിൽ വൻ അഴിമതിയാണ് എന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണക്കാർക്കോ മനുഷ്യർക്കോ വേണ്ടിയുള്ള ഒന്നല്ല ഈ വന്നിട്ടുള്ള നിർദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഈ തീരുമാനത്തിന്റെ ഗുണഭോക്താവ് എല്ലാവർക്കും അറിയാവുന്നതുപോലെ കർണാടകയിലെ ഒരു മദ്യ കമ്പനിയാണെന്നും സ്വകാര്യ മദ്യ കമ്പനിയായ ബക്കാർഡിക്ക് വേണ്ടിയുള്ളതാണ് ഈ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023 ലാണ് ബക്കാർഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നികുതി വകുപ്പിന് അപേക്ഷ നൽകുന്നത്. ആ സർക്കാർ ഇത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്ന മെയ് 21ന് ഏഴ് ഉദ്യോഗസ്ഥർ ശരവേഗത്തിൽ ഫയൽ കണ്ടു. എന്താണ് ഇത്ര വേഗമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കൃത്യമായ അഴിമതിയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ചർച്ചചെയ്യാൻ സർക്കാരിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല. അടിയന്തര പ്രമേയം പരിഗണിക്കാത്ത സാഹചര്യത്തിൽ അതിന്റെ വിശദാംശങ്ങളെക്കുറിച്ച് പറയാൻ സാധിക്കില്ലെന്നാണ് പ്രതിപക്ഷ നേതാവിനോട് സ്പീക്കർ പറഞ്ഞത്. എന്നാൽ നികുതി കുറക്കാനുള്ള സർക്കാർ
തീരുമാനത്തോട് സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.