3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി
ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡികളുണ്ടെന്ന കേസിൽ, നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു ബെംഗളൂരു മജിസ്ട്രേട്ട് കോടതി. മൂന്ന് തവണ സമൻസ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടർന്നാണിത്. ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് 4 വോട്ടർ ഐഡികളുണ്ടെന്ന് ആരോപിച്ചു ശേഷാദ്രിപുരം സ്വദേശി കെ.ദിലീപ് കുമാറാണ് പരാതി നൽകിയത്. വേളാച്ചേരിയിൽ രണ്ടു വോട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. കേസ് പരിഗണിച്ച 48-ാമത് എസിജെഎം കോടതി, പ്രതിയായ പ്രകാശ് രാജിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പലതവണ സമൻസുകൾ അയച്ചിരുന്നു. എന്നാൽ, കോടതി നിർദ്ദേശങ്ങൾ അവഗണിച്ച് തുടർച്ചയായി ഹാജരാകാതിരുന്നതിനെത്തുടർന്നാണ് കോടതി കടുത്ത നടപടിയിലേക്ക് കടന്നത്. രണ്ടുവട്ടം നോട്ടീസ് നൽകിയിട്ടും ഹാജരാകാത്ത സാഹചര്യത്തിൽ, മൂന്നാം തവണയും അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
രാഷ്‌ട്രീയ-സാമൂഹിക വിഷയങ്ങളില്‍ തുറന്ന നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയെന്ന നിലയില്‍ സമൂഹമാധ്യമങ്ങളിലും മറ്റും പ്രകാശ് രാജ് വലിയതോതിൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും വിധേയനാകാറുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിയമനടപടിയും ശ്രദ്ധ നേടുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് പ്രകാശ് രാജിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.